സീറ്റ് വിഭജനത്തിലെ ഭിന്നത; യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ ജേക്കബ് വിഭാഗം ബഹിഷ്‌കരിച്ചു


നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാക്കള്‍ ബഹിഷ്‌കരിച്ചു. സീറ്റ് വിഭജനത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ അവഗണിണിക്കപ്പെട്ടതിനാലാണ് ജേക്കബ് വിഭാഗം കണ്‍വന്‍ഷന്‍ ബഹിഷ്‌കരിച്ചത്.


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,കെഎം മാണി തുടങ്ങി സിഎംപി സെക്രട്ടറി അസിന്‍ ജസ്‌വി,ജെഡിയു ജില്ലാ സെക്രട്ടറി ജോസഫ് ചാവറ വരെ കോട്ടയം മാമ്മന്‍ മാപ്പള ഹളില്‍ നടന്ന യുഡിഎഫ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. എന്നാല്‍ ജേക്കബ് വിഭാഗത്തില്‍ നിന്നും സംസ്ഥാന ഭാരവാഹികളോ ജില്ലാ ഭാരവാഹികളോ യോഗത്തില്‍ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തില്‍ ജേക്കബ് വിഭാഗത്തിനും കോണ്‍ഗ്രസിനും ഇടയില്‍ നിലനില്‍ക്കുന്ന ഭിന്നത പരിഹരിക്കുവാനുള്ള മുന്‍ ശ്രമങ്ങളെല്ലാം തന്ന പരാജയപ്പെട്ടിരുന്നു.


അവകാശവാദമുന്നയിച്ച അങ്കമാലി സീറ്റിന്റെ കാര്യത്തില്‍ നിലവില്‍ ഒരു തരത്തിലുമുള്ള ഉറപ്പും യുഡിഎഫില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ ജേക്കബ് വിഭാഗത്തിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കണ്‍വന്‍ഷന്‍ നടത്തിയിട്ട് കാര്യമില്ലെന്നാണ് ജേക്കബ് വിഭാഗത്തിന്റെ അഭിപ്രായം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും തങ്ങളെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ജേക്കബ് വിഭാഗം രംഗത്ത് വന്നിരുന്നു. അന്നും യുഡിഎഫ് കണ്‍വെന്‍ഷന്‍ ജേക്കബ് വിഭാഗം ബഹിഷ്‌കരിച്ചതാണ്.



Sharing is Caring