സീറ്റ് തകര്‍ത്ത് മാക്‌സ്‌വെലിന്റെ സിക്‌സര്‍; പിന്നാലെ ലേലവും

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ മാക്‌സ്‌വെലിന്റെ ഉഗ്രനൊരു ഷോട്ടില്‍ സ്റ്റേഡയത്തിലെ സീറ്റ് തകര്‍ന്നു. ന്യൂസിലാന്‍ഡ് വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡയത്തിലെ സീറ്റാണ് തകര്‍ന്നത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കാണികള്‍ക്ക് പ്രവേശനമില്ലായിരുന്നു. ആസ്‌ട്രേലിയ ജയിച്ച മത്സരത്തില്‍ മാക്‌സ്‌വെല്‍ 70 റണ്‍സാണ് നേടിയത്. അതും 30 പന്തുകളില്‍ നിന്ന്. അഞ്ച് സിക്‌സറുകളും എട്ട് ബൗണ്ടറികളും മാക്‌സ്‌വെലിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

25 പന്തുകളില്‍ നിന്നാണ് മാക്‌സ്‌വെല്‍ തന്റെ അര്‍ദ്ധ സെഞ്ച്വറി നേടിയത്. ഇന്നിങ്‌സിന്റെ പതിനേഴാം ഓവറില്‍ 28 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചെടുത്തത്. ജിമ്മി നീഷം എറിഞ്ഞ ആ ഓവറില്‍ രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും പിറന്നു. ഈ ഓവറില്‍ പിറന്ന സിക്‌സറുകളിലൊന്നാണ് സീറ്റ് തകര്‍ത്തത്. പിന്നാലെ സ്റ്റേഡിയം ചീഫ് എക്‌സിക്യൂട്ടീവ് ഷെയന്‍ ഹാര്‍മോണ്‍ തകര്‍ന്ന സീറ്റിന്റെ ഫോട്ടോ ട്വിറ്ററിലിടുകയും മാക്‌സ്‌വെലിന്റെ ഓട്ടോഗ്രോഫ് ലഭിച്ചാല്‍ ലേലത്തിന് വെക്കുമെന്നും വ്യക്തമാക്കി. മാക്‌സ്‌വെല്‍ ആവശ്യം പരിഗണിച്ചു.

തകര്‍ന്ന സീറ്റ് പിടിച്ചുനില്‍ക്കുന്ന മാക്‌സ്‌വെലിന്റെ ചിത്രം പിന്നീട് ക്രിക്കറ്റ് ആസ്‌ട്രേലിയ ട്വീറ്റ് ചെയ്തു. ലേലത്തിലൂടെ ലഭിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ന്യൂസിലാന്‍ഡും ആസ്‌ട്രേലിയയും തമ്മില്‍. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2-1ന് ന്യൂസിലാന്‍ഡ് മുന്നിലാണ്. നാലാമത്തെ മത്സരം വെള്ളിയാഴ്ച നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *