സിവില്‍ സര്‍വ്വീസ് വിവാദം: ചെന്നിത്തലയുടെ മകനെതിരായ ജലീലിന്‍റെ ആരോപണം തള്ളി കോടിയേരി

തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ചെന്നിത്തലയും ജലീലും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഓരോ ദിനവും മുര്‍ച്ഛിച്ച്‌ വരികയാണ്. മാര്‍ക്ക് ദാന വിഷയത്തിനെതിരെ മന്ത്രി ജലീല്‍ നടത്തിയ സിവില്‍ സര്‍വ്വീസ് ആരോപണത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

ഇപ്പോളിതാ ചെന്നിത്തലയുടെ മകന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടിയതുമായി ബന്ധപ്പെട്ട് ജലീലില്‍ ഉന്നയിച്ച ആരോപണങ്ങളോട് വിയോജിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ അത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമായി മാറുമെന്നും കോടിയേരി പറഞ്ഞു. നിലവിലെ പ്രശ്‌നത്തെ കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴക്കാനില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു കോടിയേരി.

സര്‍വകലാശാലകളില്‍ അദാലത്ത് തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് അന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തത്. സര്‍വ്വകലാശാല നടത്തിയ മോഡറേഷനെയാണ് മാര്‍ക്ക് ദാനമായി ചിത്രീകരിക്കുന്നത്. ഇതിനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കുണ്ട്. അദാലത്തില്‍ അല്ല മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കളെ തള്ളിക്കൊണ്ട് കോടിയേരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *