റാസ് അല്‍ ഐന്‍: സിറിയയിലെ കുര്ദിസ്റ്റ് മേഖലയില്‍ തുര്‍ക്കിയുടെ ബോംബാക്രമണം. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും 40ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ എട്ടു പേര്‍ വടക്കു കിഴക്കന്‍ സിറിയയിലെ കുര്‍ദ്ദ് നിയന്ത്രണത്തിലുള്ള മേഖലയിലെ പൗരന്‍മാരാണ്.
പീരങ്കി ആക്രമണത്തില്‍ ക്വാമിഷ്ലി നഗരത്തിലെ രണ്ട് പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. കുര്‍ദ്ദുകള്‍ കുടുതലുള്ള തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രദേശത്താണ് യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച് തുര്‍ക്കി ആക്രമണം നടത്തിയത്. വ്യോമാക്രമണത്തേക്കാള്‍ കൂടുതല്‍ പീരങ്കി ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായത്.അതേസമയം, ആയിരക്കണക്കിന് ആളുകള്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്‍െറ അധീനതയിലുള്ള സിറിയന്‍ നഗരമായ റാസ് അല്‍ ഐനില്‍ നിന്ന് പലായനം ചെയ്തതിട്ടുണ്ട്.

തുര്‍ക്കിയുടെ ദക്ഷിണാതിര്‍ത്തി പ്രദേശത്തുള്ള കുര്‍ദ്ദ് സ്വാധീന മേഖലയെ ‘ഭീകരവാദ ഇടനാഴി’ എന്നാണ് തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. ഇൗ പ്രദേശം പൂര്‍ണമായും ഇല്ലാതാക്കുകയാണ് തന്‍െറ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.













