സിബിഐ ആഭ്യന്തര കലഹം; രാകേഷ് അസ്താനയ്‌ക്കെതിരെ നടപടിക്കൊരുങ്ങി അലോക് വര്‍മ

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ നടപടിക്കൊരുങ്ങി സിബിഐ മേധാവി അലോക് വര്‍മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണിത്. അസ്താനയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി സിബിഐ മേധാവി ഇതിനകം തന്നെ കത്തയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനോവീര്യം കെടുത്തുന്ന സമീപനമാണ് അസ്താന സ്വീകരിക്കുന്നതെന്നു കത്തില്‍ ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ കത്തയച്ച കാര്യത്തില്‍ സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സിബിഐ തലപ്പത്തെ യുദ്ധം അവസാനിപ്പിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. രണ്ട് ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. ഇതുപ്രകാരം സിബിഐ മേധാവി ഇന്നലെ പ്രധാനമന്ത്രിയെ നേരില്‍ കണ്ടു. അലോക് വര്‍മയ്‌ക്കെതിരെ നിരവധി ആരോപണങ്ങളുന്നയിച്ച് സര്‍ക്കാരിന് അസ്താന കത്തയച്ചിരുന്നു. അസ്താനയ്‌ക്കെതിരെ സിബിഐ കൈക്കൂലി കേസെടുക്കുകയും ചെയ്തു.

കൈക്കൂലി കേസില്‍ അസ്താനയുടെ കൂടെയുള്ള ദേവേന്ദര്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെ സിബിഐ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബിസിനസുകാരനായ സതീഷ് സനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അസ്താനയ്‌ക്കെതിരായ എഫ്‌ഐആര്‍. കേസ് ഒഴിവാക്കുന്നതിനായി അഞ്ച് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് സതീഷ് സനയുടെ പരാതി. അസ്താനയ്‌ക്കെതിരെ ആറു കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതായി സിബിഐ അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *