മോഹന്‍ലാലിന്റെ നിലപാട് ദിലീപ് തള്ളി,​ രാജി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപിതനായ നടന്‍ ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയെന്ന താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡ‌ന്റ് മോഹന്‍ലാലിന്റെ നിലപാട് തള്ളി ദിലീപ് തന്നെ രംഗത്ത്. തന്റെ പേരില്‍ അമ്മ തകരാതിരിക്കാനും വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനും വേണ്ടി മോഹന്‍ലാലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം താന്‍ സ്വമേധയാ രാജി സമര്‍പ്പിക്കുകയായിരുന്നുവെന്ന് ദിലീപ് അമ്മയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

അമ്മയുടെ ബൈലോപ്രകാരം ഒരാളെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോദ്ധ്യമുണ്ട്. എന്നാല്‍,​ എന്നെ ചൊല്ലി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് സംഘടന സ്വീകരിച്ചാല്‍ അത് രാജിയാണ്, പുറത്താക്കലല്ല – ദിലീപ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ വിവാദം സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സംഘടനയുടെ നന്മയെ കരുതി,​ കോടതിയുടെ തീര്‍പ്പുണ്ടാകുന്നത് വരെ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷവും തന്നേയും അമ്മയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം തുടരുകയായിരുന്നു. എന്റെ പേര് പറഞ്ഞ് സംഘടനയെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം. എന്നെ അമ്മയില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യമുന്നയിച്ച്‌ സംഘടനയില്‍ വിവാദവും ഭിന്നിപ്പും സ‌ൃഷ്ടിക്കാനുള്ള സംഘടിത നീക്കം ചില അംഗങ്ങളുടെ നേതൃത്വത്തില്‍ ഇപ്പോഴും തുടരുന്നുണ്ട്. അത് ഇനി അനുവദിക്കരുത്. അതിനാല്‍ തന്നെ ഇത് തന്റെ രാജിക്കത്തായി പരിഗണിക്കണമെന്നും അമ്മയുടെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ദിലീപ് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

ഒരു ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനം മാറ്റാന്‍ മറ്റൊരു ജനറല്‍ ബോഡിക്ക് മാത്രമേ അവകാശമുള്ളൂവെന്ന് നിയമാവലിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഒരംഗത്തിന് വിശദീകരണത്തിന് പോലും അവസരം നല്‍കാതെ പുറത്താക്കാനാകില്ലെന്ന് അറിയാമിയിരുന്നിട്ടും സംഘനടയിലെ ചിലരുടെ നേതൃത്വത്തില്‍ തന്നെ പത്രദൃശ്യ മാദ്ധ്യമങ്ങളിലൂടെ അമ്മയെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇത്തരക്കാരുടെ ഉപജാപങ്ങളില്‍ അമ്മ തകരരുതെന്നും ദിലീപ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *