സിബിഎസ്ഇ മൂല്യനിര്‍ണയ മാര്‍ഗരേഖ; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി തേടാന്‍ തിരുമാനം

പ്ലസ് ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ മൂല്യനിര്‍ണയമാര്‍ഗരേഖ തയാറാക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി തേടാന്‍ സിബിഎസ്ഇ തിരുമാനം. അടുത്ത ആഴ്ചയോടെ മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് സിബിഎസ്ഇയുടെ നടപടി. അതേസമയം സിബിഎസ്ഇ പത്താം ക്ലാസ് മൂല്യനിര്‍ണയ രീതിയെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു.

അടുത്ത ആഴ്ച എങ്കിലും മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിക്കാനാണ് ഇപ്പോള്‍ സിബിഎസ്ഇയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി വിവിധ സര്‍വകലാശാലകളുടെ അടക്കം അഭിപ്രായം കൂടി തേടാനാണ് ഇപ്പോഴത്തെ ധാരണ. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് പരിഗണിക്കുന്ന സാഹചര്യത്തില്‍ പിന്നീടുള്ള വിഷയങ്ങള്‍ ഒഴിവാക്കുകയാണ് ഇതുവഴി ലക്ഷ്യം. മുന്‍ വര്‍ഷങ്ങളിലെ മാര്‍ക്കുകളും ഇന്റേണല്‍ മാര്‍ക്കും മൂല്യനിര്‍ണയത്തില്‍ പരിഗണിക്കും. ഈ രീതിയോട് പരാതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പരീക്ഷ നടത്താനാണ് നിര്‍ദേശം.

മറുവശത്ത് സിബിഎസ്ഇയുടെ 10ാം ക്ലാസിലെ മൂല്യനിര്‍ണയ രീതിയെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. മൂല്യനിര്‍ണയം സംബന്ധിച്ച നയം ഭേദഗതി ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. രാജ്യത്തെ പരീക്ഷകള്‍ റദ്ദാക്കുന്ന കാര്യത്തില്‍ ദേശീയ തലത്തില്‍ ഒരു ഏകീകൃത നയം വേണമെന്ന് ആവശ്യം നാളെ സുപ്രിം കോടതി പരിഗണിക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനങ്ങളിലെയും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം. സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാര്‍ നാളെ സുപ്രിംകോടതിയെയും അറിയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *