സിപിഐഎം നേതാവ് എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപിയുടെ പ്രതിഷേധ പരിപാടിയില്‍


തിരുവനന്തപുരം: സിപിഐഎം നേതാവ് എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപിയുടെ പ്രതിഷേധ പരിപാടിയില്‍. മിലന്‍ ലോറന്‍സ് ഇമ്മാനുവലാണ് ഡിജിപി ഓഫീസിന് മുന്നിലെ പരിപാടിയില്‍ പങ്കെടുക്കുന്നത്. ബിജെപിയുടെ സമരത്തിന് പിന്തുണ നല്‍കാനെത്തിയതാണെന്ന് മിലന്‍ പറഞ്ഞു.


പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഇന്ന് ഡിജിപി ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തുന്നത്. രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസം വൈകിട്ട് 4 വരെയാണ്.


മറ്റ് ജില്ലകളില്‍ എസ്പി ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി ശ്രീധരന്‍ പിള്ള കാസര്‍ഗോഡ് മുതല്‍ പമ്പ വരെ രഥ യാത്ര നയിക്കും. അടുത്ത മാസം എട്ടുമുതലാണ് യാത്ര. കാസര്‍ഗോഡ് മധുര്‍ ക്ഷേത്രത്തില്‍ തുടങ്ങി, പമ്പയില്‍ യാത്ര അവസാനിക്കും. കണ്ണൂരില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.



Sharing is Caring