സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം. പെരിയ ഇരട്ടക്കൊലക്കേസ് കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമെന്നും കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കളെ പ്രതികളാക്കുന്നതിന് സി.ബി.ഐക്ക് വഴിതുറന്നത് പൊലീസിന്റെ നിലപാടുകളാണെന്നും മന്ത്രിമാർ ജില്ലയെ അവഗണിക്കുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു. എ വിജയരാഘവന്റെ ഉദ്ഘടന പ്രസംഗത്തിനെതിരെയും വിമർശനമുയർന്നു.
ആഭ്യന്തര വകുപ്പ് കൈവശമുണ്ടായിട്ടും പെരിയ കേസിൽ ഒന്നും ചെയ്യാനായില്ലെന്നാണ് പ്രതിനിധികയുടെ വിമർശനം. കൊലപാതകം നടക്കുന്നതിനു മുമ്പ് പാർട്ടി പ്രവർത്തകർക്കു നേരെയുണ്ടായ ആക്രമണങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ കൊലപാതകം നടക്കിലായിരുന്നു. ജില്ല നേതൃത്വത്തിന്റെ പരാജയമായിരുന്നു അതെന്ന് പ്രതിനിധികൾ പൊതു ചർച്ചയിൽ പറഞ്ഞു.പെരിയ കേസിലെ പ്രതികളെ സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി പ്രവർത്തനറിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിഷയത്തിൽ വിമർശനമുയർന്നത്.

കാസർഗോഡ് ജില്ലയോട് പാർട്ടിക്കും മന്ത്രിമാർക്കും അവഗണനയാണ്. രണ്ട് തവണ ഭരണം ലഭിച്ചിട്ടും ജില്ലക്ക് പാർട്ടിയുടെ മന്ത്രിയെ തന്നിട്ടില്ല. ഈ സമ്മേളനത്തിൽ സർക്കാറിന്റെ പ്രതിനിധിയെ അയക്കാനും നേതൃത്വം തയാറായിട്ടില്ല.ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയും ജില്ല സെക്രട്ടറിയുമായ എം.വി. ബാലകൃഷ്ണന്റെ കനത്ത തോൽവിയെ പാർട്ടി ഗൗരവത്തിലെടുത്തില്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു.













