സിപിഐഎം ഏരിയ കമ്മിറ്റി യോഗത്തില്‍ പി കെ ശശിക്കും ജില്ല നേതൃത്വത്തിനും രൂക്ഷ വിമര്‍ശനം

പാലക്കാട്: പി കെ ശശി എംഎല്‍എക്കെതിരെ വനിതാ നേതാവ് പരാതി ഉന്നയിച്ചതിന് ശേഷം നടന്ന സിപിഐഎം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗത്തില്‍ ജില്ല നേതൃത്വത്തിനും ശശിക്കും രൂക്ഷവിമര്‍ശനം. പരാതി ഉയര്‍ന്നതിന് ശേഷം ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനെത്തിയ എംഎല്‍എക്ക് സ്വീകരണം നല്‍കിയതും ശശിയുടെ നേതൃത്വത്തില്‍ അടിയന്തര ഏരിയ കമ്മിറ്റി വിളിക്കാന്‍ ജില്ലനേതൃത്വം നടത്തിയ ശ്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് രൂക്ഷ വിമര്‍ശനം. ജില്ല സെക്രട്ടേറിയറ്റിലെ പി കെ ശശിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഇ എന്‍ സുരേഷ്ബാബു പങ്കെടുത്ത കമ്മിറ്റിയിലാണ് വിമര്‍ശനമുയര്‍ന്നത് എന്നതും ശ്രദ്ധേയമാണ്.

ഭൂരിഭാഗം അംഗങ്ങളും ശശിയുടെയും ജില്ല നേതൃത്വത്തിന്റെയും ഇടപെടലിനെ വിമര്‍ശിച്ചു. ഷൊര്‍ണൂര്‍ മണ്ഡലത്തിന്റെ ഭൂരിഭാഗവും ചെര്‍പ്പുളശ്ശേരി ഏരിയകമ്മിറ്റിക്ക് കീഴിലാണ് വരുന്നത്. അടിയന്തര സാഹചര്യത്തില്‍ മാത്രമേ സെക്രട്ടറിയുടെ അഭാവത്തില്‍ കമ്മിറ്റി വിളിക്കാറുള്ളൂവെന്ന കീഴ്‌വഴക്കം നിലനില്‍ക്കെ ഇതെല്ലാം മറികടന്ന് കമ്മിറ്റി വിളിച്ച ജില്ല നേതൃത്വത്തിന്റെ നടപടി എന്ത് ലക്ഷ്യം വെച്ചാണെന്ന് അംഗങ്ങള്‍ ചോദിച്ചു.

ആരുടെ ആഹ്വാനപ്രകാരമാണ് ശശിക്ക് സ്വീകരണം നല്‍കിയതെന്നും അംഗങ്ങള്‍ ചോദിച്ചു. സ്വീകരണം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അംഗങ്ങള്‍ ആവശ്യം ഉന്നിയിച്ചു. നടപടിയുണ്ടാകുമെന്ന സൂചനയുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്തകുറിപ്പ് പുറത്തുവരുന്നത് വരെ ആരോപണവിധേയന് പിന്തുണ അറിയിക്കാന്‍ നേതാക്കള്‍ തിരക്ക് കൂട്ടിയതും വിമര്‍ശനവിധേയമായി. ഡിവൈഎഫ്‌ഐ ജില്ല നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തതുകൊണ്ടാണെന്നും യോഗത്തില്‍ അംഗങ്ങള്‍ ചോദിച്ചു. 19 അംഗ ഏരിയ കമ്മിറ്റി 17 പേരാണ് യോഗത്തിനെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *