സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശ്ശൂരില്‍ കൊടി ഉയരും


തൃശൂര്‍: എണ്ണമറ്റ തൊഴിലാളിസമരങ്ങളും അഴീക്കോടന്‍ രാഘവന്‍ ഉള്‍പ്പെടെയുള്ളവരുടെ രക്തസാക്ഷിത്വവും കൊണ്ട് ചുവന്ന തൃശൂരില്‍ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് വൈകീട്ട് കൊടി ഉയരും. 37 വര്‍ഷത്തിന് ശേഷം ആതിഥ്യമരുളുന്ന സമ്മേളനം ചരിത്രസംഭവമാക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. സിപിഐഎമ്മിനും ഇടതുപക്ഷത്തിനും കൂടുതല്‍ കരുത്തേകാനുള്ള മഹാദൗത്യവുമായി അധ്വാനവര്‍ഗത്തിന്റെ മുന്നണിപ്പോരാളികള്‍ നാലുനാള്‍ ഒത്തുചേരും.


പാര്‍ട്ടിയെ നെഞ്ചേറ്റുന്ന ജനലക്ഷങ്ങള്‍ സംഘശക്തിയുടെ പുതുഗാഥ തീര്‍ത്ത് 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനം അവിസ്മരണീയമാക്കും. മാനവമോചന പോരാട്ടത്തിനിടെ എതിരാളികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ച കേരളത്തിലെ 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍നിന്ന് കൊണ്ടുവരുന്ന ദീപശിഖ സമ്മേളന നഗറില്‍ ജ്വലിക്കുമ്ബോള്‍ തേക്കിന്‍കാട് മൈതാനം വികാരനിര്‍ഭരമാവും.


കയ്യൂരില്‍നിന്നുള്ള പതാകയും വയലാറില്‍നിന്നുള്ള കൊടിമരവും ബുധനാഴ്ച സമ്മേളന നഗരിയില്‍ എത്തും. പൊതുസമ്മേളനം നടക്കുന്ന കെ കെ മാമക്കുട്ടി നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണ്‍ പതാക ഉയര്‍ത്തും. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ദീപശിഖ തെളിക്കും. പ്രതിനിധി സമ്മേളനം വ്യാഴാഴ്ച രാവിലെ പത്തിന് വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍(റീജണല്‍ തിയറ്റര്‍) ആരംഭിക്കും. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും. 25വരെ പ്രതിനിധി സമ്മേളനം തുടരും. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, എകെ പത്മനാഭന്‍, എംഎ ബേബി എന്നിവര്‍ പങ്കെടുക്കും. 25ന് ഉച്ചകഴിഞ്ഞ് കാല്‍ലക്ഷം റെഡ്വളണ്ടിയര്‍മാരുടെ മാര്‍ച്ചും തുടര്‍ന്ന് രണ്ടുലക്ഷം പേര്‍ അണിനിരക്കുന്ന പൊതുസമ്മേളനവും നടക്കും.

475 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംസ്ഥാനകമ്മിറ്റിയിലെ നാല് ക്ഷണിതാക്കളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എംവി ഗോവിന്ദന്‍ പതാക ജാഥക്കും ആനത്തലവട്ടം ആനന്ദന്‍ കൊടിമരജാഥക്കും നേതൃത്വം നല്‍കുന്നു. കാസര്‍കോട് ഭാഗത്തുനിന്നുള്ള ദീപശിഖാ പ്രയാണങ്ങള്‍ക്ക് സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷും തിരുവനന്തപുരത്ത് നിന്നുള്ള ദീപശിഖാ പ്രയാണങ്ങള്‍ക്ക് വി ശിവന്‍കുട്ടിയുമാണ് നേതൃത്വം. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് സമ്മേളന പ്രചാരണവും നടത്തിപ്പും. സമ്മേളനത്തിന്റെ ഭാഗമായി 22, 23, 24 തീയതികളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.



Sharing is Caring