സിപിഎം മുന്‍കാല ചരിത്രത്തിനുമേല്‍ കാര്‍ക്കിച്ചു തുപ്പുന്നു;സുധാകരന് തിമിരം ബാധിച്ചുവെന്നും വയല്‍കിളികള്‍


കണ്ണൂര്‍:കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രി ജി.സുധാകരനെതിരേ വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ രംഗത്ത്. വയല്‍ക്കിളികള്‍ മന്ത്രിക്ക് വയല്‍ക്കഴുകന്‍മാരാകുന്നതു സമരവും സമര ചരിത്രവും മറന്നു പോയതുകൊണ്ടാണെന്നും സിപിഎം മുന്‍കാല സമരചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണെന്നും സുധാകരന് തിമിരം ബാധിച്ചുവെന്നും കീഴാറ്റൂര്‍ സമരസമിതി നേതാവ് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
ബൈപ്പാസ് നിര്‍മാണത്തിനെതിരെ 25ന് തളിപ്പറമ്പില്‍ നിന്ന് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നേരത്തെ, കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി ജി.സുധാകരന്‍ നിയസഭയില്‍ രംഗത്തെത്തിയിരുന്നു. കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ ‘കിളികളല്ല, കഴുകന്‍മാര്‍’ ആണെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പാടത്തുപോകാത്തവരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു. വികസനവിരുദ്ധന്‍മാര്‍ മാരീചവേഷം പൂണ്ടുവരികയാണെന്നും സുധാകരന്‍ സഭയില്‍ കുറ്റപ്പെടുത്തി.


വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേയാണ് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. വയല്‍ക്കിളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വയലിനു നടുവില്‍ കൂടാരം നിര്‍മിച്ചു രാപ്പകല്‍ കാവല്‍ കിടക്കുന്നതായിരുന്നു സമരരീതി. കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കിയതിനു പിന്നാലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരപ്പമ്തല്‍ തീയിട്ടു തകര്‍ത്തിരുന്നു.



Sharing is Caring