സാലറി ചലഞ്ച്: വിസമ്മത പത്രം ചോദിക്കുന്നത് നിര്‍ബന്ധിക്കുന്നത് പോലെയെന്ന് ഹൈക്കോടതി

കൊച്ചി: സാലറി ചലഞ്ച് വിഷയത്തില്‍ വിസമ്മത പത്രം ചോദിക്കുന്നത് നിര്‍ബന്ധിക്കുന്നത് പോലെയെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ജീവനക്കാരുടെ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

അതേസമയം,സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ പേരുകള്‍ പാലക്കാട് ഷൊര്‍ണൂര്‍ ഗവണ്‍മെന്റ് പ്രസില്‍ വെളിപ്പെടുത്തിയിരുന്നു. സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡിലാണ് പേരുകള്‍ പ്രസിദ്ധീകരിച്ചത്.

വിസമ്മതപത്രം നല്‍കിയവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുന്നെന്ന കുറിപ്പോടെയായിരുന്നു ഇത്. പ്രസിന്റെ ചുമതലയുള്ള ഡെപ്യൂട്ടീ സൂപ്രണ്ടാണ് ഇവ നോട്ടീസ് ബോര്‍ഡിലിട്ടത്. വിവിധ തസ്തികകളിലായി 251 പേരാണ് പ്രസിലുള്ളത്. ഇതിൽ 113 പേർ കഴിഞ്ഞ ദിവസം വിസ്സമതപത്രം നൽകിയിരുന്നു. ഇവരുടെ പേരുകളാണ് നോട്ടീസ് ബോർഡിൽ പരസ്യമായി പ്രസിദ്ധപ്പെടുത്തിയത്.

സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണമെന്ന് സർക്കാർ ഉത്തരവിന് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.

ഇതിനിടെ, സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരോട് മക്കള്‍ ചോദിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്തുകൊണ്ട് മാറിനിന്നെന്ന് അവരോട് പറയേണ്ടിവരും. ആരെയും സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ലെന്നും എല്ലാവരും സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *