സസ്യങ്ങള്‍ ഉണങ്ങുന്നതിന് കാരണം തീക്കാറ്റല്ല

തിരുവനന്തപുരം: വടക്കന്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ സസ്യങ്ങള്‍ ഉണങ്ങുന്നതിന് കാരണം തീക്കാറ്റല്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമികനിഗമനം.

കടല്‍ജലകണം ചെടികളില്‍ കൂടുതലായി ചിതറിവീഴുന്നതുകാരണം ഇലകളിലെ ജലാംശം നഷ്ടപ്പെട്ട് ഉണങ്ങിപ്പോവുന്ന സാധാരണ പ്രതിഭാസമാണെന്ന് അതോറിറ്റി അംഗവും വക്താവുമായ ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. ഇത് ലക്ഷദ്വീപിലും മറ്റും വളരെ സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നിഗമനം തിരുത്താന്‍ ഇപ്പോള്‍ തെളിവുകളൊന്നും ഇല്ല. പീച്ചിയിലെ വനം ഗവേഷണ കേന്ദ്രം, തീക്കാറ്റ് വീശിയെന്ന് പറയപ്പെടുന്ന പ്രദേശങ്ങളില്‍നിന്ന് പരിശോധനയ്ക്ക് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവയില്‍ മറ്റെന്തെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധനയിലേ അറിയാനാവൂ.

അതോറ്റിയുടെ സംഘം വൈകാതെ സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടിയിലും കണ്ണൂരിലെയും കാഞ്ഞങ്ങാട്ടെയും തീരപ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇലകള്‍ കരിഞ്ഞുണങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *