സര്‍ക്കാറിന്റെ മെല്ലെപോക്ക്;ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഇ ശ്രീധരന്‍ പിന്മാറി

തിരുവനന്തപുരം: കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും മെട്രോമാന്‍ ഈ ശ്രീധരന്‍ പിന്മാറുന്നു. 36 മാസം കൊണ്ട് സ്വന്തം നാട്ടില്‍ ഓടിത്തുടങ്ങാന്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി സര്‍ക്കാരിന്റെ മെല്ലെപ്പോക്കും ഓഫീസര്‍മാരുടെ താല്‍പ്പര്യമില്ലായ്മയും കൊണ്ട് അവണനയിലായതിനെ തുടര്‍ന്ന് പിന്മാറുകയാണെന്നും ചുമതലയില്‍ നിന്നും ഒഴിയുകയാണെന്ന് ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്തും കോഴിക്കോട്ടും തുറന്ന ഓഫീസുകള്‍ അടുത്ത തിങ്കളാഴ്ച ഡിഎംആര്‍സി പൂട്ടുകയും എഞ്ചിനീയര്‍മാരെ റെയില്‍വേയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്യും. വലിയ പ്രതിസന്ധികള്‍ മറികടന്ന് പറഞ്ഞ സമയത്ത് തന്നെ കൊച്ചി മെട്രോ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ശ്രീധരന്‍ ലൈറ്റ് മെട്രോയിലേക്ക് കടന്നത്. തിരുവനന്തപുരത്ത് ടെക്നോ സിറ്റി മുതല്‍ കരമന വരെയുള്ള 21.82 കിലോമീറ്റര്‍ പദ്ധതി 4219 കോടിയുടേതായിരുന്നു. കോഴിക്കോട് മീഞ്ചന്തയേയും മെഡിക്കല്‍ കോളേജിനെയും ബന്ധിപ്പിക്കുന്ന 13.30 കിലോമീറ്റര്‍ 2509 കോടിയുടേതും. എന്നാല്‍ മൂന്ന് വര്‍ഷമായി ഇവിടെ പ്രയത്നിക്കുന്ന ശ്രീധരന് വേണ്ട വിധത്തിലുള്ള പിന്തുണ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

കേരളത്തിന് ശേഷം അപേക്ഷ സമര്‍പ്പിച്ച ലക്നൗവില്‍ 10 കിലോമീറ്റര്‍ മെട്രോ ഓടിത്തുടങ്ങുകയും ചെയ്തു. കൃത്യമായി കാര്യങ്ങള്‍ നീക്കിയാല്‍ ഓടിത്തുടങ്ങാമായിരുന്നെങ്കിലും നവംബറില്‍ പുതുക്കിയ ഡിപിആര്‍ പോലും പൂഴ്ത്തി വെച്ചിരിക്കുകയാണ്. പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി ഒരു മാസം മുമ്ബ് നോട്ടീസ് നല്‍കിയിട്ടും ഓഫീസ് പൂട്ടുകയാണെന്ന് അറിയിച്ചിട്ടും ഒന്നു ചര്‍ച്ചയ്ക്ക് വിളിക്കനോ ഒരു കൂടിക്കാഴ്ചയ്ക്കുള്ള സൗമനസ്യം കാണിക്കാനോ മുഖ്യമന്ത്രി സമയം അനുവദിക്കുന്നില്ല.

2015 മുതല്‍ കാത്തിരുന്നിട്ടും മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു താല്‍പ്പര്യവും കാട്ടുന്നില്ല. പ്രതിമാസം 18 ലക്ഷം രൂപ നഷ്ടം സഹിച്ച്‌ മുമ്ബോട്ട് പോവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓഫീസുകള്‍ അടയ്ക്കുകയാണ്. 36 മാസം കൊണ്ട് ലൈറ്റ് മെട്രോ ഓടിക്കാന്‍ കഴിയുമെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞിരുന്നത്. ഡിഎംആര്‍സിയ്ക്ക് പ്രാഥമിക കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. തിരുവനന്തപുരത്തെ നാലു മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം കൈമാറി ഉത്തരവ് 2016 സെപ്തംബര്‍ 8 നായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *