സര്‍ക്കാര്‍ വാഹനങ്ങള്‍ ഇലക്‌ട്രിക് ആകുന്നു; ഇനി ടാറ്റ നെക്സോണും ഹ്യുണ്ടായ് കൊനയും

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡീസല്‍ കാറുകള്‍ക്ക് പകരം ഇനി ഇലക്‌ട്രിക് കാറുകള്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശം നേരത്തെ നല്‍കിയിരുന്നു. ഉത്തരവും പ്രാബല്യത്തില്‍ വന്നു. കാര്‍ബണ്‍ രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇലക്‌ട്രിക് കാറുകള്‍ കൈമാറുന്നത്. ശനിയാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വാഹനങ്ങള്‍ വിതരണം ചെയ്യും. കാര്‍ബണ്‍ രഹിത കേരളം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ചടങ്ങിന്‍്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

ആദ്യഘട്ടത്തില്‍ അനെര്‍ട്ട് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നെക്സോണ്‍ ഇവി, ഹുണ്ടായ് കൊന, ടാറ്റ ടിഗോര്‍ എന്നീ കാറുകളാണ് നല്‍കുന്നത്. കാറുകള്‍ വാടകയ്ക്കാണ് കൈമാറുന്നത്. ടിഗോറിന് 22,950 രൂപയും, നെക്സോണ്‍ 27,540 രൂപയും, ഹുണ്ടായ് കൊന 42840 രൂപയുമാണ് മാസ വാടക.വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. വൈദ്യുത മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും.

ഇതോടൊപ്പം പൊതു കെട്ടിടങ്ങളില്‍ സൗരവൈദ്യുതീകരണം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ ജില്ലയിലെ പിണറായി, ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം, ആലപ്പുഴ ജില്ലയിലെ ആര്യാട്, കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെ സംസ്ഥാന തല പ്രഖ്യാപനവും നടക്കും. തിരുവനന്തപുരത്തെ അനെര്‍ട്ട് ഹെഡ്ക്വാട്ടേഴ്സില്‍ സ്ഥാപിച്ചിരിക്കുന്ന കേരളത്തിലെ ആദ്യ സോളാര്‍ വൈദ്യുത ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *