സര്‍ക്കാരും സ്വാമിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; ആക്രമണത്തെ കുറിച്ച്‌ ബിജെപി

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ വീടിനു നേര്‍ക്കുണ്ടായ ആക്രമണം ഗൂഢാലോചനയെന്ന് ബിജെപി. സര്‍ക്കാരും സ്വാമിയു ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ച്‌ സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടന്നത്.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയിരുന്നു. മന്ത്രി തോമസ് ഐസക്കിനൊപ്പമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. സംഭവത്തെ കുറിച്ച്‌ ആക്രമണം നടത്തുന്നത് അസഹിഷ്ണുക്കളാണെന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. വിരുദ്ധാഭിപ്രായങ്ങളെ ആശയപരമായി നേരിടാന്‍ കഴിയാത്തവരാണ് ആക്രമണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ആശ്രമത്തിനു നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. ഇതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *