സരിതയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പീഡനക്കേസ് എടുത്തു

തിരുവനന്തപുരം: സരിത എസ് നായരുടെ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് എടുത്തു. പ്രകൃതി വിരുദ്ധ പീഢനമടക്കമാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസാണ് എടുത്തിരിക്കുന്നത്.

സരിത എസ്.നായർ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം നൽകിയ ബലാൽസംഗം പരാതികളിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പൊലീസിന് ലഭിച്ച നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് കേസുകള്‍ റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാർ കമ്മീഷൻ ശുപാർശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി.

ബലാത്സംഗ പരാതിയിൽ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന മുൻ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുത്തു. ഇതോടെയാണ് ഉമ്മൻചാണ്ടി, കെ.സിവേണുഗോപാൽ, എപി അനിൽ കുമാർ, അടൂർ പ്രകാശ് തുടങ്ങിവർക്കെതിരെ കേസെടുക്കാനുള്ള സർക്കാർ നീക്കി വഴി മുട്ടിയത്.

ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്ന് പൊലീസ് നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് സരിത ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർ ലൈഗീകമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവാനായ എഡിജിപി അനിൽ കാന്തിന് ഒരാഴ്ച മുമ്പ് നൽകിയത്.

ഈ പരാതികളിൽ വൈകാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് അറിയുന്നത്. നേരത്തെ പരാതിയിൽ പറഞ്ഞിരുന്ന ആര്യാടൻ മുഹമ്മദ്, എപി അനിൽ കുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദിൻറെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എൻ.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവർക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പൊലീസിൽ നൽകുമെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *