സമൂഹ മാധ്യമങ്ങളില്‍ ജനങ്ങള്‍ മാന്യമായ രീതിയില്‍ ഇടപെടണം; പരസ്പരം ചെളിവാരിയെറിയാന്‍ ഉപയോഗിക്കരുത്: നരേന്ദ്രമോദി


ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ മാന്യമായ രീതിയില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പരം ചെളിവാരിയെറിയാന്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, മാന്യമായ ജനാധിപത്യത്തിന് ചേരുന്നതല്ല അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാരാണസിയിലെ ബി.ജെ.പി. പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.


രാജ്യത്തെക്കുറിച്ചുള്ള നല്ല വാര്‍ത്തകളാണ് പ്രചരിപ്പിക്കേണ്ടത്. സമൂഹത്തെ ശക്തിപ്പെടുത്തുന്ന വിവരങ്ങളാണ് പങ്കുവെക്കേണ്ടത്. എന്നാല്‍, അയല്‍ക്കാരായ രണ്ടുകുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഇന്ന് ദേശീയവാര്‍ത്തയാകുന്നു. ഇതൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ ആശയത്തിന്റെയോ കാര്യം മാത്രമല്ല, 125 കോടി ജനങ്ങളുടെയും കാര്യമാണ്.


ഇക്കാര്യത്തില്‍ ഓരോരുത്തരും സ്വയം പരിശീലിക്കണം. സ്വച്ഛ് അഭിയാന്‍ എന്നാല്‍ പരിസരശുചീകരണം മാത്രമല്ല, മാനസികശുചീകരണംകൂടിയാണ്. മാത്രവുമല്ല ഇന്ത്യ ഇപ്പോള്‍ പലകാര്യങ്ങളിലും സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുകയാണ്.ഇന്ത്യയിലെ ഗ്രാമങ്ങളിലിപ്പോള്‍ വൈദ്യുതിയുണ്ട്, വിദ്യാലയങ്ങളുണ്ട്, ശൗചാലയങ്ങളുണ്ട്. എ.സി. തീവണ്ടികളില്‍ യാത്രചെയ്യുന്നവരിലും കൂടുതല്‍ വിമാനത്തില്‍ പറക്കുന്നവരാണ്. ഇതെല്ലാം ഓരോ ഇന്ത്യക്കാരനും അഭിമാനമുണ്ടാക്കേണ്ടതാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സ്വച്ഛതാ കി സേവാ കാംപെയിന് എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Sharing is Caring