സമാധാനപരമായി മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ശബരിമലയില്‍ സമാധാനപരമായരീതിയില്‍ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ്സ് ഉയര്‍ത്താന്‍ കഴിയണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ആരാധനയ്ക്കായി എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടെ ഭക്തര്‍ക്ക് സമാധാനപരമായി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ് ശബരിമലയില്‍ സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ ഇവിടെ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ സംസ്ഥാനത്തിന്റെ തന്നെ യശസ്സിന് കോട്ടമുണ്ടാക്കും. മാത്രമല്ല, തീര്‍ത്ഥാടനകേന്ദ്രത്തിന്റെ കീര്‍ത്തിക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതിന് അത് ഇടയാക്കുമെന്ന് ഭക്തജനങ്ങള്‍ തിരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring