സമയപരിധി നീട്ടിനല്‍കില്ല;മരടിലെ ഫ്‌ളാറ്റുകളിലെ വൈദ്യുതി ,ജലവിതരണം വൈകിട്ടോടെ വിച്ഛദേിക്കും

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നതിനുള്ള സമയപരിധി നീട്ടിനല്‍കില്ല. ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനായി 15 ദിവസത്തില്‍ അധികം ഉടമസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ സമയം നല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ് നഗരസഭ. ഇതോടെ ഫ്‌ളാറ്റ് ഉടമകള്‍ ഫ്‌ളാറ്റില്‍ നിന്ന് ഇന്ന് വൈകുന്നേരത്തോടെ തന്നെ ഒഴിയണം. എന്നാല്‍ ഇന്നുകൊണ്ട് ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ഫ്‌ളാറ്റ് ഉടമകള്‍.

നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളിലുമായുള്ളത് 326 അപ്പാര്‍ട്ട്‌മെന്റുകളാണ്. ഇതില്‍ 103 എണ്ണം മാത്രമാണ് നിലവില്‍ ഒഴിഞ്ഞത്. സബ് കളക്ടര്‍ മേലുദ്യോഗസ്ഥരുമായി രാത്രി ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. സമയപരിധി പാലിക്കണമെന്ന് തന്നെയായിരുന്നു ചിഫ് സെക്രട്ടറിയും കളക്ടറും വ്യക്തമാക്കിയത്.അതേസമയം, ഒഴിഞ്ഞ് പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താല്‍കാലികമായി പുനഃസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും ഇന്ന് വൈകിട്ടോടെ വിച്ഛേദിക്കും.

സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കാലാവധി നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബലപ്രയോഗത്തിലേക്ക് നീങ്ങാതെ സമവായത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ഈ സാഹചര്യത്തില്‍ ഉടമകള്‍ക്ക് വേണ്ടി താല്‍ക്കാലിക താമസ സൗകര്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നഗരസഭ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *