വെറ്ററന്‍ ഗോള്‍ കീപ്പര്‍ സന്ദീപ് നന്ദി ഐ.എസ്.എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തി. കഴിഞ്ഞ ജൂലൈയില്‍ നടന്ന ഐ.എസ്.എല്‍ ലേലത്തില്‍ ഒരു ടീമും 42കാരനായ താരത്തെ വിളിച്ചെടുത്തിരുന്നില്ല. സുഭാഷ് റോയിക്കും വിദേശ താരവും വെറ്ററനുമായ പോള്‍ റചുബ്കയ്ക്കും പിന്നാലെ മൂന്നാം ഗോള്‍ കീപ്പറായാണ് നന്ദിയുടെ അപ്രതീക്ഷിത മടങ്ങി വരവ്. മൂന്നാം ഗോള്‍ കീപ്പറായി ഒരു യുവ താരത്തെ ടീമലേക്കെടുക്കമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ പോള്‍ റചുബ്കയുടെ തിരഞ്ഞെടുപ്പ് ബ്ലാസ്റ്റേഴ്സ് പ്രേമികളില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. ഇതിനെ മറികടക്കാനുള്ള നടപടിയെന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായി അറിയപ്പെട്ട നന്ദിയെ തിരികെ വിളിക്കാനുള്ള തീരുമാനം.
ഐ.എസ്.എല്ലിന്റെ പ്രഥമ സീസണ് മുതല്‍ ബ്ലാസ്റ്റേഴ്സ് നിരയിലുള്ള താരമായ നന്ദിയെ ഇത്തവണ ഒഴിവാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളില്‍ വല കാത്ത താരമാണ് നന്ദി. ലേലത്തില്‍ അഞ്ചാമത്തെ വലിയ തുകയുള്ള ഗോള്‍ കീപ്പറായിരുന്നിട്ടും താരത്തെ ആരും പരിഗണിച്ചില്ല. നേരത്തെ മോഹന്‍ ബഗാന്, ചര്‍ച്ചില്‍ ബ്രദേഴ്സ് ടീമുകള്‍ക്കായും ഗോള്‍ വല കാത്ത നന്ദി 15 വര്‍ഷമായി കളത്തിലെ സ്ഥിര സാന്നിധ്യമാണ്.













