സന്ദീപാനന്ദഗിരി സംഘപരിവാറിന്റെ കണ്ണിലെ കരടാണെന്ന് മുഖ്യമന്ത്രി; ആശ്രമം ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിക്കൊപ്പം എത്തി. സന്ദീപാനന്ദഗിരി എല്ലാ ഘട്ടത്തിലും സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. വര്‍ഗീയ ശക്തികളുടെ തനിനിറം കാട്ടുന്നതാണ് കാരണം. ആശ്രമം ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ ആരായാലും ഇവരെ പുറത്തുകൊണ്ടുവരും. പൊലീസ് ശരിയായ നിലയില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്. നിയമം കൈയ്യിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ല. അതിശക്തമായ നടപടിയുണ്ടാകും. മതനിരപേക്ഷമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുര്‍വ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നത്.

ഇതില്‍ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ രണ്ട് കാറുകള്‍ തീയിട്ടു നശിപ്പിച്ചു. ആശ്രമത്തിനു മുന്നില്‍ റീത്ത് വച്ചിട്ടുണ്ട്. അക്രമികള്‍ വാഹനത്തിലാണ് എത്തിയതെന്നു കരുതുന്നു. തീയിട്ടതിനു ശേഷം അക്രമികള്‍ ഓടി രക്ഷപെട്ടു. തീ പടരുന്നതുകണ്ടാണ് സന്ദീപാനന്ദ ഗിരിയും ആശ്രമത്തിലെ അന്തേവാസികളും ഇറങ്ങിവന്നത്. ഇതോടെ ഫയര്‍ഫോഴ്‌സിലും പൊലീസിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശബരിമല യുവതി പ്രവേശത്തെ സന്ദീപാനന്ദ ഗിരി അനുകൂലിച്ചിരുന്നു. ഈ വിഷയത്തില്‍ ബിജെപിക്കും സംഘപരിവാറിനും എതിരായി സന്ദീപാനന്ദ ഗിരി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനു ഭീഷണി ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *