സന്തോഷ് ട്രോഫി ബംഗാളിന്


ഗോവയെ കീഴടക്കി ബംഗാൡന് സന്തോഷ് ട്രോഫി കിരീടം. അധികസമയത്തേക്ക് നീണ്ട കളിയില്‍ 1-0നായിരുന്നു ബംഗാള്‍ വിജയം നേടിയത്. മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അവസാന മിനിറ്റില്‍ ബംഗാളിന്റെ വിജയഗോള്‍ പിറന്നത്.


119-ാം മിനിറ്റില്‍ മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും ഉയര്‍ത്തിയടിച്ച പന്ത് ലഭിച്ചത് ബംഗാളിന്റെ മുംതാസ് അക്തറിന്റെ കാലില്‍. അക്തര്‍ പന്ത് ക്രോസ് നല്‍കിയത് മുന്നേറ്റ താരം മന്‍വീറിന്. ഇടതു കാലില്‍ സ്വീകരിച്ച പന്ത് സെക്കന്റുകള്‍ക്കുള്ളില്‍ വലതു കാലിലേയ്ക്ക് മറിച്ച് ഉതിര്‍ത്ത ഷോട്ട് ഗോവന്‍ ഗോള്‍ വല കുലുക്കിയപ്പോള്‍ ഗോവന്‍ ഗോളി റയാന്‍ കൊളാസോയ്ക്ക് കാഴ്ച്ചക്കാരനായി നില്ക്കാനേ സാധിച്ചുള്ളു. ഇരമ്പിയാര്‍ത്ത് ഗോവയെ പ്രോത്സാഹിപ്പിച്ചിരുന്ന ഗോവന്‍ ആരാധകര്‍ നിശബ്ധരായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 32-ാം കിരീടമാണ് ഈന്നലെ ബംഗാള്‍ സ്വന്തമാക്കിയത്.


അതേസമയം 2008-09നുശേഷം ആദ്യമായി ഫൈനല്‍ കൡച്ച ഗോവയുടെ ആറാം കിരീടമെന്ന സ്വപ്‌നമാണ് ഇന്നലെ ബംഗാളിനോട് തകര്‍ന്നത്. സെമിയില്‍ വീഴ്ത്തിയ കേരളത്തിനെതിരെ രണ്ട് ഗോള്‍നേടിയ ഗോവയുടെ ഗോളടി യന്ത്രം ലിസ്റ്റണ്‍ കൊളാസോയെ ബംഗാള്‍ താരങ്ങള്‍ തുടക്കത്തിലേ വരിഞ്ഞുമുറുക്കിയതോടെ ഗോവന്‍ മുന്നേറ്റത്തിന്റെ കരുത്ത് ചോര്‍ന്നു.

ആദ്യ പകുതിയുടെ ഏറിയ സമയവും പന്ത് ബംഗാള്‍ താരങ്ങളുടെ കാലുകളിലായിരുന്നു. ബംഗാളിന്റെ പെനാള്‍ട്ടി ബോക്‌സിലേക്ക് പന്ത് വളരെ അപൂര്‍വ്വമായി മാത്രമാണ് എത്തിക്കാന്‍ ഗോവന്‍ മധ്യ-മുന്നേറ്റനിരകള്‍ക്ക് കഴിഞ്ഞത്. കളിയുടെ തുടക്കത്തില്‍ ഗോവന്‍ മുന്നേറ്റമായിരുന്നു. ഇതോടെ ഗാലറികള്‍ ഗോവയ്ക്കായി ആര്‍ത്തിരമ്പി. എന്നാല്‍ കളിയുടെ നിയന്ത്രണം സാവധാനത്തില്‍ ബംഗാള്‍ താരങ്ങള്‍ കൈക്കലാക്കി.



Sharing is Caring