സഞ്ജയ് ദത്തിനെ വീണ്ടും ജയിലിലടക്കാം’; മോചന നടപടിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍


മുംബൈ സ്‌ഫോടനക്കേസില്‍ തടവ് ശിക്ഷക്ക് വിധിച്ച സഞ്ജയ് ദത്തിന് മോചിപ്പിച്ച നടപടി തെറ്റെങ്കില്‍ വീണ്ടു ജയിലേക്ക് അയക്കാന്‍ തയ്യാറാണെന്ന മഹാരാഷ്ട്ര സര്‍ക്കാര്‍. ബോംബേ ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുന്‍പ് ദത്തിനെ വിട്ടയച്ചത് എന്തിനാണെന്നു മഹാരാഷ്ട്ര സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.
ജയില്‍മോചിതനാക്കിയതു നിയമവിധേയമായിട്ടല്ലെങ്കില്‍ ഉത്തരവു റദ്ദാക്കാമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. വിട്ടയയ്ക്കുന്നതിന് അദ്ദേഹത്തിന്റെ വിഐപി സ്റ്റാറ്റസ് കാരണമായെന്നു കോടതിക്കു തോന്നുന്നുണ്ടെങ്കില്‍ ദത്തിനെ വീണ്ടും ജയിലില്‍ അടയ്ക്കാം. നല്ല നടപ്പിനു വിധിച്ചാണു ശിക്ഷാകാലാവധി തീരാന്‍ എട്ടുമാസം ബാക്കിയുള്ളപ്പോള്‍ ദത്തിനെ വിട്ടയച്ചത്. ശിക്ഷാ ഇളവു നല്‍കാന്‍ ആധാരമാക്കിയ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നു വിശദീകരിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. സഞ്ജയ് ദത്തിന്റെ പെരുമാറ്റവും സമീപനവും നല്ലതായെന്നു ജയില്‍ വകുപ്പു കണ്ടെത്തിയത് എങ്ങനെയെന്നും ശിക്ഷയുടെ പകുതി കാലയളവും പരോളിലും മറ്റുമായിരുന്ന ഒരാളുടെ സ്വഭാവം നല്ലതാണെന്ന് എങ്ങനെയാണ് അധികൃതര്‍ക്കു മനസ്സിലായതെന്നും കോടതി ചോദിച്ചിരുന്നു.
എന്നാൽ കോടതിക്ക് പ്രത്യേക താൽപര്യമില്ലെന്നും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ആർ.എം സാവന്ത്, സാധന ജാദവ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജയിലിൽ കിടന്നപ്പോൾ ദത്തിന് തുടരെ തുടരെ പരോൾ അനുവദിച്ചത് എന്തിനെന്നും കോടതി ചോദിച്ചു.




Sharing is Caring