ഇന്ത്യയുടെ അഭിമാനമായി മാറിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ഒന്നര കോടി രൂപ സമ്മാനം പ്രഖ്യാപിച്ച ചെയ്‌ത് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു. ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്ന പത്ത് പേരാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഇവർക്കാണ് സമ്മാനത്തുക ലഭിക്കുക. ഇന്ത്യൻ ക്യാപ്‌റ്റൻ മിതാലി രാജ്, ക്ലാസിക് ഇന്നിംഗ്സുകളിലുടെ ക്രിക്കറ്റ് പ്രേമികളുടെ മനിസിലേക്ക് നടന്നു കയറിയ ഹർമ്മൻ പ്രീത് കൗർ എന്നിവർക്ക് നേരത്തെ തന്നെ റെയിൽവേ സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.
”വനിതാ ലോകകപ്പിൽ ഫെെനലിലെത്തിയത് ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാൻ പറ്റുന്നതാണ്. പ്രത്യേകിച്ച് ഇന്ത്യൻ റെയിൽവേയ്‌ക്ക്. ക്യാപ്‌റ്റൻ, വെെസ് ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ, ഉയർന്ന റൺ സ്കോറർ തുടങ്ങി പതിനഞ്ചിൽ പത്ത് താരങ്ങളും ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ളവരാണ്”. റെയിൽ ഭവനിൽ താരങ്ങൾക്കായി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ റെയിൽവേയുടെ എല്ലാ പിന്തുണയും സഹായവും തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.













