പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസില്‍ മറ്റന്നാള്‍ വിധി പറയും. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. അതേസമയം ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു. സമൂഹത്തെ ബാധിക്കുന്ന കേസോ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസോ അല്ലെന്നും പ്രതിഭാഗം വാദിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പോലീസ് കണ്ടെത്തിയ കുറ്റങ്ങളെല്ലാം പ്രതി ചെയ്തുവെന്ന് കോടതി പറഞ്ഞു. 2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് കോളനിയിലെ സജിതയുടെ വീട്ടില്‍ കയറി ചെന്താമര വെട്ടിക്കൊന്നത്.

ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണക്കാരി സജിതയാണ് എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി.സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.













