ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പദ്ധതിയിട്ട യുവാവിന് വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക് സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബാങ്കുകളോട് അഭ്യര്‍ഥിച്ചു. ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെയും സക്കീര്‍ നായിക്കിന്റെ അടുത്ത ബന്ധുക്കളുടെയും അടക്കം മൂന്ന് ബാങ്കുകളിലുള്ള 25 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാണ് എന്‍.ഐ.എയുടെ ആവശ്യം.ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട 20 ഓളം കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് രേഖകള്‍ ലഭിച്ചത്. വീഡിയോ ടേപ്പുകളും, ഡി.വി.ഡികളും, പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും റെയ്ഡില്‍ എന്‍.ഐ.എ പിടിച്ചെടുത്തിരുന്നു. സക്കീര്‍ നായിക്കിന്റെ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കിയ വിവിധ സ്വകാര്യ കമ്പനികളും ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.













