തിരുവനന്തപുരം: സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്. ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കമാകും. 4.35 ലക്ഷം വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് 2923 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കേരളത്തിന് പുറത്ത് ലക്ഷദ്വീപിലും ഗള്‍ഫ് മേഖലയിലും ഒന്‍പതു വീതം പരീക്ഷാ കേന്ദ്രങ്ങള്‍ ഒരിക്കിയിട്ടുണ്ട്. ഈ മാസം 28 ന് പരീക്ഷകള്‍ അവസാനിക്കും. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും 142033 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഇരിക്കുന്പോള് എയ്ഡഡ് സ്കൂളുകളില്‍ നിന്നും 262125, അണ് എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 30984 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഇരിക്കും.ആകെ പരീക്ഷയ്ക്ക് ഇരിക്കുന്ന 4,35,142 വിദ്യാര്‍ഥികളില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണുള്ളത്. ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 682 പേരും പരീക്ഷയെഴുതുന്നു. പ്രൈവറ്റ് വിഭാഗത്തില്‍ ന്യൂ സ്കീമില്‍ 1,867 പേരും ഓള്‍ഡ് സ്കീമില്‍ 333 പേരും പരീക്ഷ എഴുതും. ഏറ്റവും കൂടുതല്‍ പേര് പരീക്ഷ എഴുതുന്നത് മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 27,436 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്.

ഏറ്റവും കുറച്ച് പേര് പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 2,114 പേര്. ഏറ്റവും കൂടുതല്‍ പേര് പരീക്ഷ എഴുതുന്ന സ്കൂള്‍ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎംഎച്ച്എസ് ആണ്. ഇവിടെ 2,411 പേര് പരീക്ഷ എഴുതുന്നു. ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നത് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവണ്മെന്റ് ഗേള്‍സ് എച്ച്എസിലാണ്. രണ്ട് പേരാണ് ഇവിടെ പരീക്ഷ എഴുതുക.













