സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: എതിരില്ലാതെ തിരുവനന്തപുരം


47-ാമത് സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 683 പോയിന്റോടെ തിരുവനന്തപുരം കിരീടം നിലനിര്‍ത്തി. തൃശൂര്‍ അക്വാട്ടിക് കോംപ്ലക്‌സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നാല് ദിവസവും വ്യക്തമായ മുന്‍തൂക്കം നേടി തിരുവനന്തപുരത്തിന്റെ തേരോട്ടം. തൊട്ടടുത്ത എതിരാളികളേക്കാള്‍ 541 പോയിന്റ് അധികം നേടി നീന്തല്‍ക്കുളത്തിലെ ആധിപത്യം ഉറപ്പിച്ചത്.


രണ്ടാം സ്ഥാനത്തെത്തിയ എറണാകുളത്തിന് 142 പോയിന്റ് മാത്രം. 134 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനവും നേടി. കോട്ടയം (69), കോഴിക്കോട് (13), കണ്ണൂര്‍ (നാല്), കാസര്‍ഗോഡ് (നാല്), ആലപ്പുഴ (മൂന്ന്), പാലക്കാട് (ഒന്ന്) ജില്ലകള്‍ പോയിന്റ് പട്ടികയില്‍ ഇടംനേടിയത്.


വാട്ടര്‍പോളോയിലും തിരുവനന്തപുരം ജേതാക്കള്‍. 10-4ന് തൃശൂരിനെയാണ് തോല്‍പ്പിച്ചത്.
71 സ്വര്‍ണം, 70 വെള്ളി, 62 വെങ്കലം നേടി തിരുവനന്തപുരം. എറണാകുളത്തിന് 14 സ്വര്‍ണം, 11 വെള്ളി, 10 വെങ്കലം. തൃശൂരിന് 10 സ്വര്‍ണം, 14 വെള്ളി, 22 വെങ്കലം. എറണാകുളത്തിന്റെ മൂന്ന് താരങ്ങളുടെ മീറ്റ് റെക്കോഡോടെയാണ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ പി.ജെ. ജഗന്‍ നാഥന്‍ (കളമശേരി ഗവ.എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ്-2:34:20), സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അഭിജിത്ത് ഗഗാറിന്‍ (കളമശേരി രാജഗിരി എച്ച്എസ്-0:55:75), 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ വി.എം. കിരണ്‍ (കളമശേരി എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ്-1:00:82) എന്നിവരാണ് റെക്കോഡ് തിരുത്തിയത്.

സ്‌കൂള്‍ പട്ടികയില്‍ തിരുവല്ലം ബിഎന്‍വിവി ആന്‍ഡ് എച്ച്എസ്എസ് (65), തിരുവനന്തപുരം കന്യാകുളങ്ങര ഗവ. ജിഎച്ച്എസ്എസ് (51), കളമശേരി ഗവ. എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ് (45) എന്നിവര്‍ മുന്നിലെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ. ജോസ് അധ്യക്ഷനായി.



Sharing is Caring