സംസ്ഥാന അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണങ്ങള്‍; കര്‍ശന പരിശോധന

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി.

പാലക്കാട്ടെ വാളയാര്‍ അതിര്‍ത്തിയില്‍ കേരളാ പൊലീസ് ശക്തമായ പരിശോധന തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ടരയോടെയാണ് പരിശോധന തുടങ്ങിയത്. കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലെ റജിസ്ട്രേഷന്‍ പരിശോധിച്ച്‌ ഇ- പാസ്സ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തി, അതുള്ളവരെ മാത്രമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്.

തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന അതിര്‍ത്തിയായ ഇഞ്ചിവിള ചെക്പോസ്റ്റില്‍ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ- പാസ് ഉള്ളവരെയും ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങള്‍ക്ക് പോകുന്നവരെയും മാത്രമാണ് കടത്തിവിടുന്നത്. ഇന്നലെ വരെ കേരള അതിര്‍ത്തിയില്‍ ഒരു തരത്തിലുള്ള പരിശോധനയും ഉണ്ടായിരുന്നില്ല.

തമിഴ് നാട് പൊലീസും സമാനമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. രാത്രികാല കര്‍ഫ്യൂവിനെത്തുടര്‍ന്ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ തമിഴ്നാട് അതിര്‍ത്തി അടച്ചിടും. ഈ സമയത്ത് ഒരു വാഹനത്തെയും കടത്തിവിടാന്‍ അനുവദിക്കില്ല. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും രാത്രികാല കര്‍ഫ്യൂവില്‍ നിന്ന് ഇളവ് നല്‍കുകയെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാനം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം മുറിയില്‍ ക്വാറന്‍റൈനില്‍ കഴിയണം. വരുന്ന എല്ലാവരും ഇ- ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *