സംസ്ഥാനത്ത് കനത്തമഴ; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കിഴക്ക് മധ്യ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കണ്ണൂര്‍, കാസര്‍കോട് ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. എറണാകുളത്ത് സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകള്‍ വെള്ളത്തിലായി. ഇതോടെ ട്രെയിന്‍ സര്‍വിസുകള്‍ നിലച്ചു. നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.അഞ്ച് മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ് ദിവസമായ ഇന്ന് പെയ്ത കനത്ത മഴ മഞ്ചേശ്വരം മണ്ഡലം ഒഴികെയുള്ള ഇടങ്ങളില്‍വോട്ടെടുപ്പ് നടപടികളെ ബാധിച്ചിരിക്കുകയാണ്. നഗരത്തില്‍ വൈദ്യുതി വിതരണം നിലച്ചു. മഴവെള്ളം കയറിയ പോളിംഗ് ലൊക്കേഷനുകളില്‍ ബൂത്തുകള്‍ക്കും വോട്ടര്‍മാര്‍ക്കും ഫയര്‍ഫോഴ്സ് സൗകര്യമൊരുക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 6 ഇഞ്ച് ഉയര്‍ത്തിയിട്ടുണ്ട്. 10 മണിയോടെ അത് 12 ഇഞ്ച് ആയി വര്‍ധിപ്പിക്കും.ഇരു കരയിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ആറ് ജില്ലകളിലും സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെട്ടിട്ടുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ല ഭരണകൂടത്തി​​​​​​െന്‍റ അറിയിപ്പ് കിട്ടുന്ന മുറക്ക് മാറിതാമസിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ന്യൂനമര്‍ദപ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേരള, കര്‍ണാടക, മഹാരാഷ്​ട്ര, ലക്ഷദ്വീപ് തീരത്തും അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍, മധ്യ-കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റുണ്ടാകുമെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *