സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ; നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യു നിലവില്‍ വരും. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെയാണ് കര്‍ഫ്യൂ. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം.

ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം ചേരുന്നതിനുമാണ് നിയന്ത്രണം. പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല. എന്നാല്‍ ടാക്‌സി സര്‍വ്വീസുകളില്‍ നിശ്ചിത എണ്ണം ആളുകള്‍ക്കേ ഒരുസമയം സഞ്ചരിക്കാനാവൂ. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം. ഒമ്പത് മണിക്ക് ശേഷം ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ വിതരണവും പാടില്ല.

മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പ്, പത്രം, പാല്‍ തുടങ്ങിയ അവശ്യസേവനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍, രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

സിനിമ തിയറ്ററുകള്‍ക്കും മാളുകള്‍ക്കും മള്‍ട്ടിപ്ലള്‍ക്‌സുകള്‍ക്കും ഏഴര മണിവരെയാണ് പ്രവര്‍ത്തനാനുമതി. ടൂഷന്‍ ക്ലാസുകള്‍ അനുവദിക്കില്ല. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. മെയ് രണ്ടുവരെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക ഫ്രം ഹോം നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കണം. ആരാധനാലയങ്ങളിലെ സന്ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയായിരിക്കണം അനുമതി.

സംസ്ഥാനത്ത് കൊവിഡ് വരും ദിവസങ്ങള്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത പരിഗണിച്ച് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം, അടുത്ത രണ്ട് ആഴ്ചത്തേക്കാണ് കര്‍ഫ്യു തീരുമാനിച്ചിരിക്കുന്നതെങ്കിലും മുന്നോട്ടുള്ള സാഹചര്യം പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുക.

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ പൂരം ചടങ്ങായി മാത്രം നടത്താനാണ് തീരുമാനം. പൂരപ്പറമ്പില്‍ സംഘാടകര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മെയ് രണ്ടിന് നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ഭാഗമായും ആഘോഷങ്ങളും കൂട്ടം ചേരലുകളും പാടില്ലെന്നാണ് യോഗത്തിന്റെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *