സംസ്ഥാനത്തെ 259 ബസുകള്‍ക്കെതിരെ കേസെടുത്തു; 3.74 ലക്ഷം രൂപ പിഴ ചുമത്തി

കോഴിക്കോട്: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തൊട്ടാകെ 259 ബസ്സുകള്‍ക്കെതിരെ കേസെടുത്തു. മൂന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ പിഴ ചുമത്തി. അതേസമയം, നിരന്തര പരിശോധനയില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ ആലോചിക്കുന്നതായി കേരള ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
ദീര്‍ഘദൂര സ്വകാര്യ ബസ്സ് സര്‍വീസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള തൊഴിലാളികള്‍ ബസുകളില്‍ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഏജന്‍റസ് ലൈസന്‍സ് എടുക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അവരോട് ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. വാഹനങ്ങള്‍ മിതമായ വേഗതയില്‍ പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥിരം യാത്രക്കാരോട് ജീവനക്കാരുടെ മോശം പെരുമാറ്റം ആണെങ്കില്‍ അക്കാര്യം അറിയിക്കണം എന്നാവശ്യപ്പെട്ടിടുണ്ട്. തിരുവനന്തപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നജീബ് അറിയിച്ചു.
തിരുവനന്തപുരത്ത് 20 ബസ്സുകള്‍ക്കെതിരെ കേസെടുത്തു. എറണാകുളത്ത് 74 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 11 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 35000 രൂപ പിഴഈടാക്കുകയും ചെയ്തു.അതേസമയം, അടിക്കടിയുള്ള പരിശോധന ബസ്സ് ജീവനക്കാരെയും വലയ്ക്കുന്നു.
എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. അതേസമയം തുടര്‍ച്ചയായുള്ള പരിശോധനകള്‍ സര്‍വ്വീസ് നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് ബസ് ഉടമകളും ജീവനക്കാരും പറയുന്നത്. പ്രശ്നം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ബസുടമകള്‍ യോഗം ചേരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *