സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിജിലന്‍സ് റെയ്ഡ്


സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വിജിലൻസ് റെയ്ഡ്. വ്യാപകമായി ക്രമക്കേട് കണ്ടെത്തി. സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് നേതൃത്വത്തിൽ ആശുപത്രികളിൽ പരിശോധന നടത്തിയത്. സമയപരിധി കഴിഞ്ഞ മരുന്നുകൾ പോലും വൻതോതിൽ ആശുപത്രികളിൽ ഉപയോഗിക്കുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.വിജിലൻസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ നിർദേശാനുസരണം വിജിലൻസ് എസ്പിമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും പരിശോധന നടത്തി.


ആശുപത്രികളിൽ ആവശ്യത്തിനു മരുന്നുകൾ ലഭ്യമാണോ, ഈ മരുന്നു കൃത്യമായി രോഗികൾക്കു വിതരണം ചെയ്യുന്നുണ്ടോ, ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ കൃത്യമായി ഫാർമസികളിൽ നിന്നു രോഗികൾക്കു വിതരണം ചെയ്യുന്നുണ്ടോ, ആശുപത്രികളിലെ ഫാർമസിയിൽ നിരന്തരം ചോദ്യം ഉയരുന്ന മരുന്നുകൾ കൃത്യമായി രോഗികൾക്കു നൽകാനുള്ള സംവിധാനം ഒരുക്കുന്നുണ്ടോ, കാലാവധി കഴിഞ്ഞ മരുന്നുകൾ ഫാർമസിയിൽ സൂക്ഷിക്കുന്നുണ്ടോ, ഇവ രോഗികൾക്കു വിതരണം ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധനാ വിധേയമാക്കിയത്.


കോട്ടയം ജനറൽ ആശുപത്രി, ചങ്ങനാശേരി, പാലാ ജനറൽ ആശുപത്രികൾ, വൈക്കം താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. മരുന്നുകൾ രോഗികൾക്കു വിതരണം ചെയ്യുന്ന കാര്യത്തിൽ ഗുരുതരമായ വീഴ്ച ആശുപത്രി അധികൃതർ വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കാലവധി കഴിഞ്ഞ മരുന്നു പോലും ആശുപത്രിയിൽ നിന്നു വിതരണം ചെയ്യുന്നതായും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഡിവൈഎസ്പിമാരായ സുരേഷ്‌കുമാർ, അശോക് കുമാർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Sharing is Caring