സംസ്ഥാനത്തെ നിത്യടൂറിസം കേന്ദ്രമാക്കി മാറ്റും : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മുനൂറ്റി അറുപതിയഞ്ച്‌ ദിവസവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിത്യടൂറിസം കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ ടൂറിസം വകുപ്പ്‌ മന്ത്രി കടകടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചാവക്കാട്‌ ബീച്ച്‌ സൗന്ദര്യവത്‌ക്കരണത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്‌ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി ഗ്രാമങ്ങളിലെ ടുറിസം കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുന്ന പദ്ധതികളിലൂടെ സംസ്ഥാനത്ത്‌ അഞ്ച്‌ ലക്ഷം തൊഴിലവസരം സൃഷ്‌ടിക്കും. ഉത്തരമലബാര്‍ ടൂറിസവും മണ്‍സൂണ്‍ ടൂറിസവും ചേര്‍ത്താണ്‌ സംസ്ഥാനത്തെ നിത്യ ടൂറിസം കേന്ദ്രമാക്കി മാറ്റുക. ഉത്തര മേഖലാ ടൂറിസത്തിന്‌ കേന്ദ്ര സര്‍ക്കാരിന്റെ 98 കോടിയടക്കം 350 കോടി രൂപയുടെ വികസന പദ്ധതികളാണ്‌ നടപ്പിലാക്കാന്‍ പോകുന്നത്‌.മണ്‍സൂണ്‍ കാലത്ത്‌ അടച്ചിടുന്ന ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മണ്‍സൂണ്‍ ടൂറിസം പദ്ധതി നടപ്പാക്കും. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനുതകുന്ന ലോകത്തിലെ മികച്ച കേന്ദ്രമായി ലോണ്‍ലി പ്ലാനറ്റ്‌ മാഗസിന്‍ കേരളത്തെ തിരഞ്ഞെടുത്തത്‌ വലിയ അംഗീകാരമാണെന്ന്‌ മന്ത്രി പറഞ്ഞു. കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

ബീച്ച്‌ സൗന്ദര്യവത്‌ക്കരണത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി 2 .5 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌ . 1292 ചതുരശ്ര അടിയിലുളള ഹൈടെക്ക്‌ ടോയ്‌ലറ്റ്‌ ബ്ലോക്ക്‌, 136 ചതുരശ്ര അടിയിലുള്ള അഞ്ച്‌ ഷോപ്പുകള്‍, കഫേ, ആറ്‌ കുടിവെള്ള കിയോസ്‌കുകള്‍ , സന്ദര്‍ശകര്‍ക്കുള്ള വിശ്രമ കേന്ദ്രം, കുട്ടികളുടെ പാര്‍ക്ക്‌, പാര്‍ക്കിങ്‌ ഏരിയ, 55,000 ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെളള സംഭരണി, തുമ്പൂര്‍മൊഴി മാത്യകയിലുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്‌ , എല്‍.ഇ. ഡി ലൈറ്റുകള്‍, എന്നിവ സ്ഥാപിക്കുകയും നിലവിലുള്ള ടോയ്‌ലറ്റുകളുടെ നവീകരണവും നടപ്പാക്കും. ത്യശൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ്‌ സൗന്ദര്യവത്‌ക്കരണത്തിന്റെ നിര്‍മ്മാണ ചുമതല. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ച്‌ ജനങ്ങള്‍ക്ക്‌ തുറന്നു കൊടുക്കും.

ത്യശൂര്‍ നിര്‍മ്മിതി കേന്ദ്രം കോ-ഓഡിനേറ്റര്‍ ബോസ്‌ക്കോ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ചാവക്കാട്‌ നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്‌ബര്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍ മഞ്‌ജുഷ സുരേഷ്‌, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.സി ആനന്ദന്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ കെ.കെ കാര്‍ത്ത്യായിനി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.ആര്‍ രാധാക്യഷ്‌ണന്‍, എ.എം സതീന്ദ്രന്‍, കെ.വി ഷാനവാസ്‌, ജലീല്‍ വലിയകത്ത്‌, കെ.എന്‍ പ്രസന്നന്‍, ലാസര്‍ പേരകം, ഇ.പി സുരേഷ്‌, പി.കെ സെയ്‌താലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *