സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി മേഖലയുടെ വികസനത്തെ വലിയ തോതില്‍ സ്വാധീനിക്കാനും ഈ പ്രദേശത്തുള്ളവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന വിധത്തില്‍ കൂടുതല്‍ സാമ്പത്തിക അവസരങ്ങള്‍ തുറന്നുകൊടുക്കാനും അവരുടെ ജീവിതത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോതാട് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഗ്രൌണ്ടില്‍ വാട്ടര്‍ മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.


പൊതു യാത്രാസംവിധാനം ഒരുക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ഈ വിശാല കാഴ്ചപ്പാടോടെയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നടപ്പാക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ഇതുവരെ ഒരിടത്തും നടപ്പാക്കിയിട്ടില്ലാത്ത ആദ്യ നഗര ജലയാത്രാ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. ഈ പദ്ധതി യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍, കൊച്ചിക്ക് വേഗതയുള്ള, 78 ആധുനിക ബോട്ടുകളുടെ സേവനം ലഭ്യമാകും. വേമ്പനാട് കായലിന്റെ തീരങ്ങളിലും ദ്വീപുകളിലും താമസിക്കുന്നവര്‍ക്ക്, ആഗോളനഗരങ്ങളായ ഹോങ്കോംഗിലെയും ഇസ്താംബൂളിലെയും പോലെ, കൊച്ചിയിലെ നഗരകേന്ദ്രങ്ങളിലേയ്ക്കു സൗകര്യപ്രദമായും സുരക്ഷിതമായും എത്തിച്ചേരാനാകും.




Sharing is Caring