സംഘര്‍ഷം രൂക്ഷം; ഒരു പാക് ഭീകരനെക്കൂടി വധിച്ചു

രണ്ടു ഹിസ്ബുള്‍ ഭീകരനെ സൈന്യം വധിച്ചതിനു പിന്നാലെ ജമ്മു കശ്മീരില്‍ സംഘര്‍ഷം രൂക്ഷമായി. പലയിടത്തും സൈന്യവും വിഘടനവാദികളും ഏറ്റുമുട്ടി. യുവാക്കളേയും സ്ത്രീകളേയും തെരുവിലിറക്കി പ്രതിഷേധം ശക്തമാക്കാനാണ് ശ്രമം. എന്നാല്‍, സൈന്യം ശക്തമായി പ്രതിഷേധക്കാരെ നേരിട്ടു.

കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും അരുണ്‍ ജെയ്റ്റ്‌ലിയും കടുത്ത നിലപാടുമായി രംഗത്തെത്തി. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. സൈന്യത്തിനെതിരായ കല്ലേറു നിര്‍ത്താതെ ചര്‍ച്ചയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞു.

കഴിഞ്ഞ ദിവസം പത്തു ഭീകരരെയാണ് സൈന്യം വധിച്ചത്. ഇന്നലെ നിയന്ത്രണരേഖയിലൂടെ കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മറ്റൊരു പാക് ഭീകരനെക്കൂടി സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയിലാണ് സംഭവം.

കൃഷ്ണഘാട്ടി സെക്ടറില്‍ പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഇയാളെ കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്. കേണല്‍ മനീഷ് മേത്ത അറിയിച്ചു. കഴിഞ്ഞ ദിവസം ഉറി മേഖലയിലാണ് വന്‍ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *