സംഘപരിവാറിന്റെ ഉദ്ദേശം കേരളത്തില്‍ നടക്കില്ല: മുഖ്യമന്ത്രി

രാജ്യത്താകെ വര്‍ഗീയ കലാപങ്ങളും ആക്രമണങ്ങളും നടത്തുന്ന സംഘപരിവാറിന്റെ ഉദ്ദേശം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസൗഹാര്‍ദത്തോടെ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തിന്റെ അന്തരീക്ഷം ആര്‍എസിഎസിന് തീരെ ഇഷ്ടമല്ല. അതിന്റെ അസഹിഷ്ണുതയാണ് സംഘപരിവാര്‍ കേരളത്തിനെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങള്‍. കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജനജാഗ്രതായാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഘടന തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഫെഡറല്‍ തത്വം അംഗീകരിക്കാന്‍ സംഘപരിവാര്‍ തയ്യാറല്ല. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഇവര്‍ക്ക് വിശ്വാസമില്ല. തങ്ങള്‍ക്കിഷ്ടമല്ലാത്ത ഒന്നിനെയും വെച്ചുപുലര്‍ത്താന്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്നില്ല. ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിനെ ലക്ഷ്യം വെക്കുകയാണ് ഇപ്പോള്‍. താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നാണ് സംഘപരിവാറിന്റെ വാദം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊലപാതകികള്‍ക്ക് സംരക്ഷണവും ആദരവും നല്‍കുകയാണ്. മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലപാതികള്‍ക്ക് ജോലി നല്‍കി ബഹുമാനിക്കുകയാണ്. മതജാതി ന്യൂനപക്ഷങ്ങളെ വേട്ടയാടി കൊലപ്പെടുത്തുന്നു. മുസ്‌ളീംങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും പൊതു ശത്രുക്കളായി പ്രഖ്യാപിച്ചവരാണ് ആര്‍എസ്എസ്. ഇതേ അസഹിഷ്ണുതയുടെ ഭാഗമായിട്ടായിരുന്നു മഹാത്മാഗാന്ധി കൊല്ലപ്പെട്ടതും. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സെക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. ത്രിപുരയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സന്തനു വരെ എത്തി നില്‍ക്കുന്നു അസഹിഷ്ണുതയുടെ ഇരകള്‍.

ഇത്തരം അസഹിഷ്ണുതയ്ക്ക് ഇടം നല്‍കാത്ത സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് കേരളത്തെ അപമാനിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ അടക്കം രംഗത്തു വന്നത്. യുപിയിലെ ആശുപത്രികള്‍ കണ്ട് കേരളം പഠിക്കണമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. കേരളത്തിലെയും യുപിയിലെയും ആശുപത്രികള്‍ തമ്മിലുള്ള താരതമ്യം ദേശീയ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത് വസ്തുതകള്‍ പുറത്തു വിട്ടു.

അതി ശക്തമായ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍ സംഘപരിവാറിന്റെ ശ്രമങ്ങള്‍ കേരളത്തില്‍ വിജയിക്കില്ല. കേരള ജനത ബിജെപിയെ മനസിലാക്കി കഴിഞ്ഞു. ആര്‍എസ്എസിന് ഒരു തരത്തിലും അംഗീകരിക്കാനാകാത്ത അന്തരീക്ഷമാണ് കേരളത്തിലേത്. വര്‍ഗീയതയോടും തീവ്രവാദത്തോടും കേരളം ഒട്ടും വിട്ടു വീഴ്ച്ച ചെയ്യില്ല.

കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കള്‍ ജനരക്ഷായാത്രയിലാകെ ഭീഷണി ഉയര്‍ത്തുകയായിരുന്നു. സിപിഐ എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും കേരള സര്‍ക്കാരിനെ താഴെയിറക്കുമെന്നുമെല്ലാം ഭീഷണിയുയര്‍ത്തി. എന്നാല്‍ ഭീഷണി ആരോടാണെന്ന് സ്വയം ചിന്തിക്കാമായിരുന്നു. കേരളത്തില്‍ ഒരു യാത്ര നടത്താന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ എ്ത്തിക്കേണ്ടി വന്നു ബിജെപിക്ക്.

ബിജെപി നടത്തിയ കുപ്രചരണങ്ങളോടും ഭീഷണിയോടും അങ്ങേയറ്റം അഭിനന്ദനാര്‍ഹാമയ പ്രതികരണമാണ് കേരളം മൊത്തത്തില്‍ നടത്തിയത്. വളരെ സഹിഷ്ണുതയോടെയാണ് അത്തരം വാദങ്ങളെ നേരിട്ടത്. ബിജെപി നേതാക്കളുടെ സംസ്‌കാരത്തിന് തുല്യമായി അല്ല ജനം പ്രതികരിച്ചത്. അതിന്റെ അര്‍ത്ഥം ഭീരുക്കളാണെന്നല്ല, മറിച്ച് അങ്ങേയറ്റം ശക്തരായ ജനതയുടെ ക്ഷമയാണെന്നാണ്. പ്രകോപനങ്ങളില്‍ സംയമനം പാലിച്ചു. രാജ്യമാകെ കേരളത്തിന്റെ പ്രതികരണം ശ്രദ്ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *