ഷുഹൈബ് വധം: ജയരാജന്റെ പ്രസ്താവനയില്‍ പിണറായിക്ക് അതൃപ്തി;സമ്മേളന വേദിയില്‍ പ്രതിഷേധം അറിയിച്ചു


തൃശൂര്‍: ഷുഹൈബ് വധത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പരസ്യ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ എതിര്‍പ്പ്. പാര്‍ട്ടി സമ്മേളന വേദിയില്‍ പ്രതിനിധികളുടെ മുന്നില്‍ വച്ച്‌ ജയരാജനെ വിളിച്ചുവരുത്തി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിര്‍പ്പ് അറിയിച്ചു. കൊലപാതക രാഷ്ട്രീയമല്ല പാര്‍ട്ടിയുടെ സംസ്കാരമെന്ന ജനറല്‍ സെക്രട്ടറിയുടെ നിലപാട് തന്നെയാണ് സംസ്ഥാന നേതൃത്വത്തിനും ഉള്ളതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് പരസ്യമായ പ്രതിമഷധ പ്രകടനം.


ഷുഹൈബ് വധത്തില്‍ പോലീസ് അന്വേഷണത്തിലല്ല, പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന ജയരാജന്റെ ഇന്നലത്തെ പ്രസ്താവനയാണ് പിണറായിയെ പ്രകോപിപ്പിച്ചത്. കുറ്റവാളികളെ കണ്ടെത്തേണ്ട ചുമതല പാര്‍ട്ടിയുടേതല്ലെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ഇന്നു രാവിലെ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതിനു മുന്‍പ് പിണറായിയും കോടിയേരിയും ജയരാജനുമായി ചര്‍ച്ച നടത്തിയിരുന്നു.


പാര്‍ട്ടി സമ്മേളനത്തെ തന്നെ നിഴലിലാക്കിയ ഷുഹൈബ് വധത്തില്‍ സംസ്ഥാന നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്. ഷുഹൈബ് വധത്തെ കുറിച്ച്‌ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും സമ്മേളനത്തില്‍ സംസാരിച്ച വി.എസ് അച്യുതാനന്ദനും എം.എ ബേബിയും എളമരം കരീമും അടക്കമുള്ള പ്രതിനിധികള്‍ എല്ലാം തന്നെ അക്രമ, കൊലപാതക രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.



Sharing is Caring