ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയാകും


നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയാകും. നിലവില്‍ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷെരീഫ്.
പനാമ അഴിമതിക്കേസില്‍ പാക് സുപ്രീം കോടതി കുറ്റക്കാരനെന്ന് വിധിച്ചതിനു പിന്നാലെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചിരുന്നു.
അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവെക്കാന്‍ കോടതി ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു. ഷെരീഫിനെതിരെ ക്രിമിനല്‍ കോസെടുക്കണമെന്നും അദ്ദേഹവും കുടുംബവും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഷെരീഫിന്റെ വിശ്വസ്തനും ധനകാര്യമന്ത്രിയുമായ ഇഷ്ഹാഖ് ധറിനെയും കോടതി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്.
അഞ്ചംഗ ബെഞ്ചിന്റെ വിധി പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി പദം ഒഴിയുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി പദത്തില്‍ ഒരു വര്‍ഷം കൂടി തികക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പാകിസ്താന്റെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് മാറുമായിരുന്നു. പാകിസ്താനിലെ തെരഞ്ഞെടുക്കപ്പെട്ട് ഒരു പ്രധാനമന്ത്രിയും കാലാവധി പൂര്‍ത്തീകരിച്ചിട്ടില്ല.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനില്‍ നവാസ് ഷെരീഫീന്റെ കുടുംബം സ്വത്തുക്കള്‍ വാങ്ങികൂട്ടിയെന്ന പനാമ രേഖകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഷെരീഫിനെതിരെ കേസെടുത്തത്. കളളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിധരിപ്പിച്ചുവെന്നാണ് പരാതി. സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേസ് അന്വേഷിച്ച സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് ഈ മാസം പത്തിന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും വരവുചെലവു കണക്കുകളില്‍ വന്‍ പൊരുത്തക്കേടുണ്ടെന്നും ഇതിനെക്കുറിച്ചുള്ള കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ ഷെരീഫ് പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.




Sharing is Caring