ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

ആര്‍ടിഎഫുകാര്‍ അവരുടെ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും സമാന്തര സേനയായി പ്രവര്‍ത്തിച്ചുവെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഇവരുടെ വാദം. ശ്രീജിത്ത് ആരാണെന്നു പോലും അറിയില്ലായിരുന്നുവെന്നും വാസുദേവന്റെ വീടാക്രമിച്ച കേസിനെക്കുറിച്ചും അറിയില്ലായിരുന്നുവെന്നും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

അതേസമയം കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പ്രതിയാക്കില്ലെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചിരുന്നു. എസ്പി ക്രിമിനല്‍ കുറ്റം നടത്തിയതായി തെളിവില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ പറഞ്ഞു. വകുപ്പുതല നടപടികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നും നിയമോപദേശം നല്‍കി.

നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് കൈമാറിയിരുന്നു. എ വി ജോര്‍ജിനെ പ്രതിയാക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ കേസിലില്ലെന്നും വകുപ്പുതല നടപടികളുമായി മുന്നോട്ടു പോകാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.കേസുമായി ബന്ധപ്പെട്ട് പറവൂര്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയെടുക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച അപേക്ഷ അന്വേഷണസംഘം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയിട്ടുണ്ട്.

കേസിലെ പ്രതികളായവരെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണ സംഘം എ.വി. ജോര്‍ജിനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. എ.വി. ജോര്‍ജിനെതിരെ ഒരു ഡിവൈഎസ്പിയടക്കമുള്ള പൊലീസുകാരുടെ മൊഴികളും ചില മാധ്യമവാര്‍ത്തകളുമടക്കമുള്ള തെളിവുകളാണ് അന്വേഷണ സംഘത്തിന്റെ കയ്യിലുള്ളത്. എന്നാല്‍, ശ്രീജിത്തിന്റെ കാര്യത്തില്‍ താന്‍ ഇടപെട്ടത് ആലുവ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണെന്ന് എ.വി. ജോര്‍ജ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.സിഐയും എസ്‌ഐയുമടക്കം പത്തു പൊലീസ് ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാണ്. പ്രതികളുടെയും ചില സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *