ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതനായ എസ്.പി എ.വി ജോര്‍ജിനെ സ്ഥലംമാറ്റി

കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. തൃശൂര്‍ പോലീസ് അക്കാദമിലേക്കാണ് മാറ്റം. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പി ആരോപണ വിധേയനായതോടെയാണ് സ്ഥാനചലനം സംഭവിച്ചത്. രാഹുല്‍ ആര്‍. നായര്‍ക്കാണ് ആലുവ റൂറലിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്.

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത് എസ്പിയുടെ കീഴിലുള്ള ടൈഗര്‍ ടാസ്ക് ഫോഴ്സായിരുന്നു. നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയുള്ള കസ്റ്റഡിയായിരുന്നു ഇതെന്നും ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതോടെ രേഖകളില്‍ കൃത്രിമം നടത്തിയെന്നും കണ്ടെത്തിയിരുന്നു. കസ്റ്റഡി മരണക്കേസില്‍ എ.വി.ജോര്‍ജിനെയും പ്രതി ചേര്‍ക്കണമെന്ന ശക്തമായ ആവശ്യം ഉയരുന്നതിനിടെയാണ് സ്ഥലംമാറ്റം.

അതിനിടെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ വാസുദേവന്‍ എന്നയാളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. വാസുദേവന്‍റെ കേസുമായി ബന്ധമില്ലാത്ത ഏഴ് പേരെയാണ് ടൈഗര്‍ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തതെന്നും അറസ്റ്റിലായ മറ്റ് രണ്ടു പേര്‍ കേസുമായി നേരിട്ട ബന്ധമുള്ളവരല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇക്കാര്യം ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിനെ അറിയിച്ചതിന് പിന്നാലെയാണ് ജോര്‍ജിന്‍റെ റൂറല്‍ എസ്പി സ്ഥാനം തെറിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *