സ്വര്‍ണക്കടത്ത് കേസില്‍ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതിചേര്‍ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് എന്‍ഐഎ. ശിവശങ്കറെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും അതുകൊണ്ട് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു.
വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശിവശങ്കര്‍ എന്‍ഐഎ കോടതിയെ സമീപിച്ചത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്നും ശിവശങ്കര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നേരത്തെ, എന്‍ഫോഴ്സ്മെന്റിന്റെ കേസിലും കസ്റ്റംസിന്റെ കേസിലും ശിവശങ്കറിന്റെ അറസ്റ്റ് കോടതി 23 വരെ തടഞ്ഞിരുന്നു.