ശസ്ത്രക്രിയയ്ക്ക് മുന്‍പ് കൈയിലെ ടാഗ് മാറി; തലയ്ക്കകത്ത് കട്ടപിടിച്ച രക്തം മാറ്റുന്നതിന് ശസ്ത്രക്രിയ നടത്തിയത് മുഴ നീക്കം ചെയ്യാനെത്തിയ രോഗിയില്‍ : ആശുപത്രിയ്ക്കെതിരെ വ്യാപക പ്രതിഷേധം


നയ്‌റോബി: തലയിലെ ഗൗരവകരമായ ശസ്ത്രക്രിയ്ക്കിടെ ഡോക്ടര്‍മാരുടെ അശ്രദ്ധ. ആളുമാറി ശസ്ത്രക്രിയ നടത്തിയതായി റിപ്പോര്‍ട്ട്. തലയ്ക്കകത്തു കട്ടപിടിച്ച രക്തം മാറ്റുന്നതിന് ശസ്ത്രക്രിയ നടത്തിയത് തലയിലെ മുഴ നീക്കം ചെയ്യാനെത്തിയ രോഗിയില്‍. ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗികളുടെ കൈയിലെ ടാഗ് മാറിപ്പോയതാണു പ്രശ്‌നത്തിനു കാരണമായതെന്നാണു നിഗമനം.


കെനിയയിലെ കെനിയാറ്റ നാഷനല്‍ ആശുപത്രിയില്‍ ആളുമാറി തലയ്ക്കു ശസ്ത്രക്രിയ ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയുടെ വിവരം ഇപ്പോഴാണു പുറത്തുവന്നത്. രോഗികളില്‍ ഒരാള്‍ക്ക് തലയ്ക്കകത്തു കട്ടപിടിച്ച രക്തം മാറ്റുന്നതിനും മറ്റൊരാള്‍ക്ക് തലയിലെ മുഴ നീക്കം ചെയ്യുന്നതിനുമാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാല്‍ മണിക്കൂറുകളോളം ശസ്ത്രക്രിയ നടത്തിയിട്ടും പ്രതീക്ഷിച്ച രീതിയില്‍ രക്തം കട്ടപിടിച്ചതു കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെയാണ് രോഗി മാറിയവിവരം ഡോക്ടര്‍ അറിയുന്നത്. അതേസമയം, ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗിയുമായി ഡോക്ടര്‍ സംസാരിച്ചിരുന്നില്ലെന്നും വിവരമുണ്ട്.


അതേസമയം, ആളുമാറി ശസ്ത്രക്രിയ നടന്നുവെന്ന വിവരം പുറത്തുവന്നതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായി. ആശുപത്രി മാനേജ്‌മെന്റ് രാജി വയ്ക്കണമെന്നുള്ള ആവശ്യം ശക്തമാണ്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നാലു മെഡിക്കല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി കെനിയാറ്റ ആശുപത്രി സിഇഒ ലിലി കൊറോസ് അറിയിച്ചു. ന്യൂറോ സര്‍ജന്‍, വാര്‍ഡ് നഴ്‌സ്, തിയറ്റര്‍ നഴ്‌സ്, അനസ്തീഷ്യസ്റ്റ് എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കൂടാതെ ക്ലിനിക്കല്‍ സര്‍വീസിന്റെ സിഇഒയേയും ഡയറക്ടറെയും കെനിയന്‍ ആരോഗ്യ സെക്രട്ടറി സിസില കരിയുകി അന്വേഷണം കഴിയുന്നതുവരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു.

രോഗിയെ ചികില്‍സിച്ച ഡോക്ടറല്ല, ഓപ്പറേഷന്‍ ടേബിളിലേക്ക് ഒരുക്കിയെത്തിച്ച നഴ്‌സാണു ആളുമാറിപ്പോയതിന് ഉത്തരവാദിയെന്ന് സഹഡോക്ടര്‍മാര്‍ ആരോപിക്കുന്നു. അതേസമയം, ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗിയുടെ സ്ഥിതി തൃപ്തികരമാണെന്നാണു വിവരം.



Sharing is Caring