റയല്‍ മാഡ്രിഡില്‍ ലഭിക്കുന്ന വേതന വ്യവസ്ഥയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തൃപ്തനല്ലെന്ന് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരങ്ങളായ മെസിക്കും നെയ്മറിനും ലഭിക്കുന്ന വേതനം തനിക്കു ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണെന്നതാണ് റൊണാള്‍ഡോയെ അതൃപ്തനാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മാഡ്രിഡുമായി കരാര്‍ പുതുക്കിയ റൊണാള്‍ഡോ ചാംപ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടുമായുള്ള മത്സര ശേഷം ഇതുമായി ബന്ധപ്പെട്ടു ക്ലബ്ബ് അധികൃതരുമായി സംസാരിച്ചു. പ്രതിവര്‍ഷം 25 മില്ല്യണില്‍ കൂടുതല്‍ ശമ്പളമാണ് റോണോ ആവശ്യപ്പെടുന്നത്. ഇത്രയും ശമ്പളമാണ് ലോക റെക്കോഡ് തുകയ്ക്കു പിഎസ്ജിയിലെത്തിയ നെയ്മറിനും പുതിയ കരാറൊപ്പുവെക്കാനിരിക്കുന്ന മെസിക്കും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമം മാര്‍ക്ക റിപ്പോര്‍ട്ടു ചെയ്യുന്നു.

2021 വരെയാണ് റൊണാള്‍ഡോയ്ക്കു മാഡ്രിഡുമായുള്ള പുതിയ കരാര്‍. ഇതനുസരിച്ച് കരാറില്‍ പുതിയ മാറ്റങ്ങളൊന്നും വരുത്താന്‍ ക്ലബ്ബ് തയാറായേക്കില്ലെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ 46 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടി റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് വിജയത്തിലും ലാലീഗ നേട്ടത്തിലും റൊണാള്‍ഡോ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.













