സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ തുടരുന്ന സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. അടിസ്ഥാന ശമ്പളം മാനേജ്‌മെന്റുകള്‍ വര്‍ധിപ്പിച്ചു നല്‍കാന്‍ തയ്യാറായ സ്ഥിതിക്ക് ഇപ്പോള്‍ നടത്തുന്ന സമരത്തില്‍ നിന്നും പിന്മാറണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 17,200 രൂപയാക്കി ഉയര്‍ത്താന്‍ തിങ്കളാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നഴ്‌സിങ്, അഡീഷണല്‍ എന്നീ അലവന്‍സുകള്‍ ഉള്‍പ്പെടെ 20,806 രൂപയാണ് പുതുക്കിയ ശമ്പളം അനുസരിച്ച് നഴ്‌സുമാര്‍ക്ക് ലഭിക്കുക. എന്നാല്‍, മതിയായ ശമ്പളവര്‍ധനയില്ലാത്തതിനാലും ട്രെയ്‌നി നഴ്‌സുമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാത്തതിനാലും നഴ്‌സുമാര്‍ സമരം തുടരുകയാണ്. തിങ്കളാഴ്ച മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുള്ള സമരത്തിലേക്കാണ് നഴ്‌സുമാര്‍ നീങ്ങുന്നത്.

വിഷയത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും പനിക്കാലമായതിനാല്‍ നഴ്‌സുമാര്‍ സമരത്തില്‍ പിന്മാറുമെന്നും സാഹചര്യവുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.













