ശബരിമല സമരം: തീവ്രത കുറയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള


പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സമരത്തിന്‍റെ തീവ്രത ബിജെപി കുറയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. വിഷയത്തില്‍ 41 ഹിന്ദു സംഘടനകള്‍ ഒന്നായിട്ടാണ് പ്രക്ഷോഭം നടത്തിയത്. ബിജെപി ഇവരുടെ സമരത്തിന് പിന്തുണ നല്‍കുകയായിരുന്നു. സമരം നിര്‍ത്തണമോ എന്ന കാര്യം സംഘടനകളുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ന് നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് യുവമോര്‍ച്ച നിശ്ചയിച്ചിരുന്ന മാര്‍ച്ച്‌ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടൊന്നും സംസ്ഥാന അധ്യക്ഷന്‍ കാര്യമായി പ്രതികരിച്ചില്ല. ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ നല്ല രീതിയില്‍ ഉണ്ടായിട്ടുണ്ട്. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച്‌ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രക്ഷോഭ രംഗത്തുണ്ടായിരുന്ന കെ.സുരേന്ദ്രനെയും മറ്റ് ചില പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിനുള്ളിലാക്കി. അവരെ പുറത്തുവിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.



Sharing is Caring