ശബരിമല ഒരുക്കങ്ങള്‍: ബോര്‍ഡ് യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയില മണ്ഡല മകരവിളക്ക് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും. എന്നാല്‍ വിവാദപരമായ മറ്റു വിഷയങ്ങള്‍ ഇന്ന് പരിഗണിക്കാനിടയില്ല. സ്ത്രീ പ്രവേശനപ്രശ്‌നത്തില്‍ സുപ്രീം കോടതി 13ന് റിട്ട് പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകളിലും തീരുമാനമായില്ല. കോടതി ആവശ്യപ്പെട്ടാല്‍ മാത്രമേ ബോര്‍ഡിന് തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുള്ളൂ. ഇതിന് സാവകാശവും കിട്ടും. നിയമവിദഗ്ദ്ധരുമായി എല്ലാ വശങ്ങളും ആലോചിച്ച് തീരുമാനിച്ചാല്‍ മതിയെന്നാണ് ബോര്‍ഡിന്റെ നിലപാട്.

ആചാരലംഘനമുണ്ടായാല്‍ ശ്രീകോവില്‍ അടച്ചിടുമെന്ന തന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ ദേവസ്വംബോര്‍ഡ് വിശദീകരണം ചോദിച്ചിരുന്നു.ഇതിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വൈകിട്ട് വരെ തന്ത്രി വിശദീകരണമൊന്നും നല്‍കിയിട്ടില്ല.ടെന്‍ഡറുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനമായി ഇന്ന് ചര്‍ച്ചചെയ്യുക. ടെന്‍ഡറെടുത്ത ചിലര്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി സമീപിച്ചിട്ടുണ്ട്.ലേലത്തുക കുറച്ചുകിട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് ബോര്‍ഡിന്റെ നിലപാട്.കടമുറികളില്‍ നല്ലപങ്കും ലേലത്തില്‍ പോയിട്ടില്ല. ലേലം കൊണ്ടവര്‍ പണം അടച്ചിട്ടുമില്ല. പുഷ്പാഭിഷേകത്തിനുള്ള പൂക്കള്‍ എത്തിക്കാന്‍ 1.68 കോടിക്കാണ് കരാര്‍ എടുത്തിട്ടുള്ളത്. എന്നാല്‍ ഇതേവരെ പണം അടച്ചിട്ടില്ല.കാണിക്കവരവില്‍ കുറവ് വന്നതാണ് ബോര്‍ഡിനെ ആശങ്കയിലാക്കുന്ന പ്രധാന പ്രശ്‌നം.

ശബരിമലയിലെ ക്രമീകരണങ്ങളെക്കുറിച്ച് വിവിധ വകുപ്പുമേധാവികളുമായി ചീഫ് സെക്രട്ടറി ഇന്നലെ ചര്‍ച്ചനടത്തി.അവസാനവട്ട വിലയിരുത്തലിന് 13ന് മുഖ്യമന്ത്രി ഹൈപവര്‍ കമ്മിറ്റി വിളിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *