ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു.
നാല് ജഡ്ജിമാര്‍ക്ക് ഒരു അഭിപ്രായമാണ്. എന്നാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് ഭിന്നാഭിപ്രായമാണ്.

ശബരിമലയിൽ പ്രായം നോക്കാതെ സ്ത്രീകൾക്ക് പ്രവേശനമനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. എട്ടുദിവസത്തെ സുദീർഘമായ വാദപ്രതിവാദങ്ങൾക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാൻ മാറ്റിയത്.
പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷ’നാണ് 2006-ൽ സുപ്രീംകോടതിയെ സമീപിച്ചത്. ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിൻബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകളും വ്യക്തികളും രണ്ട് അമിക്കസ് ക്യൂറിമാരും വാദമുന്നയിച്ചു. ദേവസ്വം ബോർഡ്, എൻ.എസ്.എസ്., പന്തളം രാജകുടുംബം, പീപ്പിൾ ഫോർ ധർമ, ‘റെഡി ടു വെയ്റ്റ്’, അമിക്കസ് ക്യൂറി രാമമൂർത്തി തുടങ്ങിയവർ നിലവിലെ സ്ഥിതി തുടരണമെന്ന് വാദിച്ചു. മുഖ്യഹർജിക്കാർക്കു പുറമേ അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ, ‘ഹാപ്പി ടു ബ്ലീഡ്’ സംഘടന തുടങ്ങിയവർ സ്ത്രീപ്രവേശനത്തിനായി ശക്തമായി വാദിച്ചു.
സ്ത്രീപ്രവേശനത്തിന് അനുകൂലനിലപാടാണെന്ന് വ്യക്തമാക്കി 2007-ൽ അന്നത്തെ ഇടതുസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, ശബരിമലയിൽ തത്‌സ്ഥിതി തുടരുന്നതിനെ അനുകൂലിച്ച് 2016-ൽ യുഡിഎഫ്. സർക്കാർ സത്യവാങ്മൂലം നൽകി. തുടർന്നുവന്ന ഇപ്പോഴത്തെ ഇടതുസർക്കാർ ഈ സത്യവാങ്മൂലം പിൻവലിക്കുകയും ആദ്യത്തെ നിലപാടാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി.













